സ്ഥലപരിമിതി കാരണം താല്പര്യമുണ്ടെങ്കിലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണിന്നുള്ളത്. എന്നാൽ ഉള്ള സ്ഥലത്ത് കൃഷി ചെയ്യാമെന്ന് കരുതി ടെറസിലോ മറ്റോ കൃഷിയാരംഭിച്ചാൽ ഫലം മേൽക്കൂരയുടെ ചോർച്ചയാണ്. എന്നാൽ ടെറസിൽ ഈർപ്പം തട്ടാതെ പ്രകൃതിദത്തമായ രീതിയിൽ വലിയ ചിലവുകളില്ലാതെ നമുക്ക് കൃഷി ചെയ്യാൻ ആവശ്യം ഒരേയൊരു വസ്തുവാണ്. തൊണ്ട്, അതെ നമ്മൾ പാഴ്വസ്തുവെന്ന് വലിച്ചെറിയുന്ന തൊണ്ട് മാത്രം മതി വീടിനെ സംരക്ഷിച്ചു കൊണ്ട് നമുക്ക് ടെറസിൽ കൃഷി ചെയ്യാൻ.
ഇതിലേക്കായി ആദ്യം ടെറസ്സിന്റെ പ്രതലത്തില്‍ വാട്ടര്‍ പ്രൂഫ് സിമന്റ് പൂശിയ ശേഷം ഉണങ്ങിയ തൊണ്ട് ഓരോ കഷണങ്ങളായി അടര്‍ത്തി മാറ്റിയത് ചാക്കിന്റെ വലിപ്പം അനുസരിച്ച് മലര്‍ത്തി അടുക്കുക. ഇതിനു മുകളിലേക്ക് രണ്ട് വശം കീറിയ പ്ളാസ്റ്റിക് ചാക്ക് വിരിക്കുക.
ചാക്കിനു മുകളില്‍ ചകിരിച്ചോറ്, കരിയില, ചപ്പുചവറുകള്‍ എന്നിവ ഇടുന്നു. പിന്നീട് ഒരു പാളി മേല്‍മണ്ണ് (ഒരിഞ്ചു കനത്തില്‍) ഇട്ട് ഉണങ്ങി പൊടിഞ്ഞ ചാണകം, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം ഉണക്കിയത് തുടങ്ങിയവ വളമായി ഇടാം.
ഇങ്ങനെ തയ്യാറാക്കിയ തടത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി വിത്ത്/നടീല്‍ വസ്തുക്കള്‍ പാകുക. ആവശ്യാനുസരണം വെയിലും വളവും ലഭിക്കുന്നതിനാല്‍ വളരെ പെട്ടെന്ന് വളരുകയും (തറയില്‍ വളരുന്നതിന് രണ്ടാഴ്ച വ്യത്യാസത്തില്‍) കായ്ഫലം ലഭിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആട്ടിന്‍ മൂത്രം നേര്‍പ്പിച്ചു തളിച്ചു കൊടുത്താൽ ചെടികള്‍ വളരെ കരുത്തോടും പെട്ടെന്നും വളരും.
പൊടിഞ്ഞ തൊണ്ടുകള്ക്ക് പകരം പുതിയ തൊണ്ടുകള്‍ വച്ചു കൊടുക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാന്‍ സൗകര്യം ഉണ്ടെങ്കില്‍ തൊണ്ട് പെട്ടെന്ന് നാശമാകില്ല പൊടിയുന്ന പഴയ തൊണ്ടുകള്‍ ആ തടത്തില്‍ തന്നെ വളമായി ചേർക്കുകയും ചെയ്യാം. തടങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് വഴിയിട്ട് വേണം സജ്ജമാക്കേണ്ടത്.
ഇത്തരത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി നമ്മുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുവാനും ആരോഗ്യവും വരുമാനവും വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക