ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന പ്രയോഗം കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുക മെഗാസ്റ്റാർ മമ്മൂട്ടിയായാകും. എന്നാലിതാ മമ്മൂട്ടിക്ക് പിൻഗാമിയായി ബോളിവുഡിൽ നിന്നും നമ്മുടെ പ്രിയങ്കരിയായ ഐശ്വര്യ റായ് എത്തുകയാണ്.
ബോളിവുഡിന്റെ എക്കാലത്തെയും താരമൂല്യമുള്ള നടിയാണ് ഐശ്വര്യ റായ്. താരം എന്നാണോ തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് കുത്തിയത് അന്ന് മുതൽ ഇന്നുവരെയും ഐശ്വര്യ റായ് എന്ന പേരിനും അവരുടെ താരമൂല്യത്തിനും ഒരിടിവും സംഭവിച്ചിട്ടില്ല. വിവാഹം കഴിയുന്നതോടെ നായികനദികൾ ഫീൽഡ് ഔട്ട് ആകുന്ന ഒരു മേഖലയാണ് സിനിമാ വ്യവസായം. ഒരു കുഞ്ഞു കൂടിയായിക്കഴിഞ്ഞാൽ പിന്നെ കത്തി നിന്ന മിക്ക നായികനടിമാരും അമ്മ റോളിലേക്കോ സഹോദരി റോളിലേക്കോ ഒതുക്കപ്പെടും. എന്നാൽ ഐശ്വര്യയുടെ കാര്യം നേരെ തിരിച്ചായിരുന്നു. വിവാഹം കഴിഞ്ഞതും അമ്മയായതുമൊന്നും ആഷിന്റെ താരപ്രഭയ്ക്ക് ഒരു മങ്ങൽ പോലും ഏൽപ്പിച്ചില്ലെന്നു മാത്രമല്ല, ഇന്നും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയങ്കരിയായ നടി ആഷ് തന്നെ.
മധ്യവയസ്സിലും യൗവ്വനത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആഷ് ഇന്ന് തന്റെ 45 ആം ജന്മദിനം ആഘോഷിക്കുകയാണ്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബർ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 994-ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ ചുവടുമാറി.
1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ ജീവിതത്തിന്റെ ആരംഭം. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.
2007 ഏപ്രിൽ 20-ന് പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ആഷ് വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ആരാധ്യ.
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരറാണിക്ക് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചും ചിത്രങ്ങള്‍ പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
വീണ്ടും മാസ്സ്; സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക