കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 2016-17ലെ എട്ട് ഇ-ഗവേണന്‍സ് പുരസ്കാരങ്ങളില് എട്ടില്‍ അഞ്ചെണ്ണവും നേടി കണ്ണൂര്‍ ജില്ല. ഭരണനിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയതിനുള്ള ബെസ്റ്റ് ഇ-ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയാണ് ജില്ലയെ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്.
ഇതോടൊപ്പം എം-ഗവേണന്‍സ് വിഭാഗത്തിലും ലോക്കല്‍ ലാംഗ്വേജ് ആ്ന്റ് കണ്ടന്റ് ഡെവലപ്മെന്റ് വിഭാഗത്തിലും ഒന്നാം സ്ഥാനവും ബെസ്റ്റ് വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ ആന്റ് ഇ-ഗവേണന്‍സ് എന്നീ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും കണ്ണൂര്‍ ജില്ല നേടി.
മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ‘വി ആര് കണ്ണൂര്‍’ മൊബൈല്‍ ആപ്ലിക്കേഷനാണ് എം-ഗവേണന്‍സ് വിഭാഗത്തില്‍ ജില്ലയെ മുന്നിലെത്തിച്ചത്.
കംപ്യൂട്ടര്‍ ഉപയോഗത്തില്‍ മലയാളം വ്യാപകമാക്കിയതിനായിരുന്നു ലോക്കല്‍ ലാംഗ്വേജ് ആ്ന്റ് കണ്ടന്റ് ഡെവലപ്മെന്റ് വിഭാഗത്തി കണ്ണൂരിന് ഒന്നാം സ്ഥാനം. ജില്ലാ കലക്ടറുടെ Collector KNR എന്ന ഫെയ്സ് ബുക്ക് പേജ് സാമൂഹികമാദ്ധ്യമവും ഇ-ഗവേണന്‍സും എന്ന വിഭാഗത്തിലും സ്കൂളുകളില്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ കലക്ടര്‍@സ്കൂള്‍ പദ്ധതിക്ക് മികച്ച വെബ്സൈറ്റ് വിഭാഗത്തിലും മൂന്നാം സ്ഥാനം ലഭിച്ചു.
ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ രണ്ടാം സ്ഥാനം നേടി. ഇലക്ട്രോണിക്സ് സാന്ത്വന ചികിത്സാപദ്ധതിയാണ് സെന്ററിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരം ഐഎംജിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇ-ഗവേണന്‍സ് മികവ് വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക