മാണ്ഡ്യ: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് അപരന്മാരുടെ ഭീഷണി. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് സുമലത മത്സരിക്കുന്നത്. സുമലതക്കെതിരെ മൂന്നു സുമലതമാരാണ് ഇവിടെ നിന്ന് അങ്കത്തിനിറങ്ങുന്നത്. മൂന്നുപേരും സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ്.
സുമലതയുടെ വിലാസം ബെംഗളൂരു ജെപി നഗറും, മാണ്ഡ്യ ജില്ലയിലെ ദൊഡ്ഡ ഹരസിനകെരെയുമാണ് നല്കിയിരിക്കുന്നതെങ്കില് രാമനഗര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നുപേര്‍. നടിയും അംബരീഷിന്റെ ഭാര്യയുമായ സുമലതയുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. സിദ്ദെ ഗൗഡയുടെ ഭാര്യ സുമലത ഏഴാംക്ലാസ് യോഗ്യത കാണിച്ചാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു സ്ഥാനാര്‍ഥിയായ മഞ്ചെ ഗൗഡയുടെ ഭാര്യ സുമലത എട്ടാംക്ലാസാണ് യോഗ്യത നല്‍കിയിരിക്കുന്നത്. കനകാപുരയില്‍ നിന്നുള്ള സ്ഥാനാര്‍ഥി സുമലതക്ക് മാത്രമാണ് കോളേജ് വിദ്യാഭ്യാസ യോഗ്യതയുള്ളത്.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന് നിഖിലാണ് ജെഡിഎസ് സ്ഥാനാര്‍ഥി. ജെഡിഎസിനു മാണ്ഡ്യ സീറ്റു നല്‍കിയതോടെയാണ് സുമലത സ്വതന്ത്രയായി മത്സരിക്കുന്നത്. ബിജെപിയുടെ പിന്തുണയും നടി സുമലതക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക