ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതികരണവുമായി ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവനവന് അവസാനം എന്ന തലക്കെട്ടോടെയാണ് ബ്ലോഗില്‍ അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. ആദ്യം സ്വന്തം രാജ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. പിന്നീട് പാര്‍ട്ടി, ഏറ്റവും ഒടുവിലാണ് സ്വന്തം കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധന്‍ എന്ന പ്രയോഗം പൂര്‍ണമായും തെറ്റാണെന്നും തെറ്റിപ്പോയ ഇടങ്ങളിലെല്ലാം ബിജെപി തിരുത്തണമെന്നും അദ്വാനി ആവശ്യപ്പെട്ടു. തങ്ങളോടു വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല, പ്രതിയോഗികളായാണ് ബിജെപി കാണുന്നത്. പാര്‍ട്ടിയുടെ പ്രാരംഭകാലം മുതല്ക്കുതന്നെ അതങ്ങനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ സ്ഥാപക ദിനമായ ഏപ്രില്‍ ആറ് മുന്‍നിര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ബ്ലോഗ്.
തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് നിഷേധിച്ചതും സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കാനെത്തിയതിനും ശേഷമുള്ള അദ്വാനിയുടെ ആദ്യ പ്രതികരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക