പത്തനംതിട്ട : ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കൈകളില്‍ സുരക്ഷിതയായി ഏല്‍പ്പിച്ച ബസ് കണ്ടക്റ്ററെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പത്തനംതിട്ട സ്വദേശിയായ സന്തോഷ് കുര്യനാണ് തന്റെ മകളെ കരുതലോടെ കാത്തുസൂക്ഷിച്ച ബസ് കണ്ടക്ടറെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ കുറിപ്പെഴുതിയിരിക്കുന്നത്.
പാഴൂര്‍ മോട്ടോഴ്സിലെ സന്തോഷ് എന്ന കണ്ടക്ടറാണ് സന്തോഷ് കുര്യന്റെ മകള്‍ക്ക് സംരക്ഷകനായത്. കുട്ടി ബസ് മാറിയാണ് കയറിയതെന്ന കാര്യം അറിഞ്ഞതോടെ സന്തോഷ് അവളെയും കൊണ്ട് ഇലന്തൂരില്‍ ഇറങ്ങുകയായിരുന്നു.
തുടര്‍ന്ന് തന്റെ ഫോണില്‍നിന്ന് കുട്ടിയെ കൊണ്ട് സന്തോഷ് കുര്യനെ വിളിപ്പിച്ചു. സന്തോഷ് കുര്യന് വരുന്നിടംവരെ കുട്ടിയുമായി അവിടെ കാത്തിരുന്നു. സന്തോഷ് കുര്യന് എത്തിയശേഷം കുട്ടിയെ സുരക്ഷിതയായി അദ്ദേഹത്തെ എല്പിച്ച ശേഷമാണ് കണ്ടക്ടര്‍ സന്തോഷ് മടങ്ങിയതെന്ന് ഫേസ് ബുക്കില്‍ പറയുന്നു.
സന്തോഷ് കുര്യന്റെ ഫെയ്സ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇന്നെനിക്ക് മറക്കാത്ത ദിനം…
പാഴൂര്‍ മോട്ടേഴ്സിനും അതിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍…
കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില് ഇറങ്ങേണ്ട, 7th ല്‍ പഠിക്കുന്ന എന്റെ മകള്‍ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയും ഇലന്തൂര്‍ എത്തിയപ്പോള്‍ അതിലെ കണ്ടക്ടര്‍ എവിടെ പോകാനാണെന്ന് തിരക്കിയപ്പോള്‍ ആറന്മുളക്കാണെന്ന് മോള് പറഞ്ഞപ്പോള്‍ അതിലെ കണ്ടക്ടര്‍ സന്തോഷ് എന്നയാള്‍ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണില്‍ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് കോഴഞ്ചേരിയില്‍ നിന്നും ഞാന്‍ ഇലന്തൂര്‍ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡില്‍ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യന് യാത്രയായത്….
സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റോപ്പില്‍ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്… എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയില്‍ നല്ല ഒരു നന്ദി വാക്കുപറയുവാന്‍ എനിക്ക് കഴിഞ്ഞില്ല… പിന്നീട് ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞപ്പോള്‍ ആ മനുഷ്യന് എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്… പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍…. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു…
പാഴൂര്‍ മോട്ടോര്‍സിലെ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്…
എല്ലാവരും ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.. കാരണം കൂടുതല്‍ നന്മകള് ചെയ്യാന്‍ അവര്‍ക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി…
പ്രതികരിക്കാൻ ഇവിടെ എഴുതുക