തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടിയ വനിതാ തടവുകാര്‍ പിടിയില്‍. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരാണ് ഇന്നലെ രാത്രി തിരുവനന്തപുരം പാലോട് വച്ച് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ ടീമാണ് പ്രതികളെ പിടികൂടിയത്.
ശില്പയുടെ വീട്ടിലേക്ക് പോകും വഴി പൊലിസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ രാത്രി തന്നെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചു.
പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലേയും എല്ലാ സ്റ്റേഷനുകളിലും ഇവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും പൊലിസ് കൈമാറിയിരുന്നു.
വനിതാ തടവുകാര്‍ സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ ചാടുന്നതെന്നും ജയിലധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക