സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ പ്രാവശ്യം കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്നാണ് സർക്കാർ പറയുന്നത്. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശേഷിക്കുന്നത് പത്ത് ദിവസത്തേക്കുള്ള വെള്ളം മാത്രമാണ്. പ്രതീക്ഷിച്ചതിനേക്കാൾ 46 ശതമാനം മഴയുടെ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കാലവര്‍ഷ കാലം എത്തി നാൽപത് ദിവസം പിന്നിടുമ്പോൾ പ്രതീക്ഷിച്ചതിന്‍റെ പകുതി മഴപോലും സംസ്ഥാനത്ത്  ലഭിച്ചിട്ടില്ല. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെ മഴക്കുറവ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. പതിനഞ്ചാം തീയതി വരെ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കഴിഞ്ഞ നാലാം തീയതി ചേര്‍ന്ന യോഗത്തിൽ വൈദ്യുതി ബോര്‍ഡ് വിലയിരുത്തിയതെങ്കിലും നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്.

ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ പോലും ഇതുവരെ ലഭിച്ചില്ല. 798 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ച 40 ദിവസം കൊണ്ട് കിട്ടിയത് 435 മില്ലീമീറ്റർ മാത്രമാണ്. ഇടുക്കി അണക്കെട്ടിൽ  ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളമെ ഇപ്പോഴുള്ളൂ. മഴയില്ലാത്ത സ്ഥിതി തുടരുകയാണെങ്കിൽ അടുത്ത പതിനഞ്ചിന് വീണ്ടും യോഗം ചേര്‍ന്ന് ലോഡ് ഷെഡിംഗ് അടക്കമുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News