മലയാള സിനിമയില്‍ ഷെയ്ന് നിഗമിനെ പ്രണയനായകനായി ഏവരും അംഗീകരിച്ച് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ന് നായകനായി എത്തുന്നത്. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പ്രണയ നായകനായി ഷെയ്ന് ഇരുപ്പുറപ്പിച്ചു. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്.’-ഷെയ്ന് പറയുന്നു. എന്നാല്‍ പ്രണയിനി ആരെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഷെയ്ന് ഇക്കാര്യം പറഞ്ഞത്. ‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ.
വാപ്പച്ചിയുടെ റിഹേഴ്സൽ ക്യാംപുകള്‍ കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതൊരിക്കലും ബോറടിപ്പിച്ചില്ല. ഒരുപാട് സന്തോഷം തന്നു. സുഹൃത്തുക്കളെ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ സിനിമകൾ സംവിധാനം ചെയ്തിരുന്നു. വാപ്പച്ചിയുടെ ആമിനത്താത്തയുടെ വലിയ ആരാധകനാണ് ഞാൻ.
കിസ്മത്തിലെ ഇര്ഫാന് ആണ് ഏറെ ഫേവറിറ്റ് കഥാപാത്രം. എന്റെ ആദ്യത്തെ കഥാപാത്രമായതിനാലാവണം, ഇർഫാൻ ഹൃദയത്തോടു ചേർന്നാണ് നിൽക്കുന്നത്. അടുത്തത് കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആണ്. ബോബി ഒരു ‘പൊളി’ മനുഷ്യനാണ്. മൂന്നാമത്തേത് കെയർ ഓഫ് സൈറാബാനുവിലെ ജോഷ്വ ആണ്. ഇർഫാന്റെ മൂന്നിലൊരു ഭാഗവും ബോബിയും ജോഷ്വയും കൂടിച്ചേര്‍ന്നാൽ ഞാനായി.
ഉല്ലാസമാണ് ഷെയിന്റെ പുതിയ ചിത്രം. നവാഗതനായ ജീവന് ജിയോ സംവിധാനം ചെയ്യുന്ന ചിത്രം സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ ഷെയിനിന്റെ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സാമൂഹ്യപ്രധാനമായ വിഷയം പ്രമേയമായതിനാല്‍ ഇഷ്ക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. രാത്രി ചിത്രീകരിച്ചതിനാല്‍ ഉറക്കക്ഷീണം നല്ലതുപോലയുണ്ടായിരുന്നെന്നും പല രംഗങ്ങളിലും അത് വ്യക്തമായിരുന്നെന്നും ചിത്രത്തിന് മുഖത്തെ ക്ഷീണമെല്ലാം ആവശ്യമായിരുന്നതിനാല്‍ സിനിമയില്‍ അത് ഉപകാരപ്പെട്ടുവെന്നും ഷെയ്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക