ചെറുപുഴ: കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ കെട്ടിട നിർമ്മാണം നടത്തിയ കോൺട്രാക്ടറെ ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ചെറുപുഴ സ്വദേശി ജോസഫ് മുതുപാറക്കുന്നേൽ എന്നയാളാണ് ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.
ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരുകോടി മുപ്പത്തിനാല് ലക്ഷം രൂപ ആശുപത്രി ഭരണ സമിതി ഇദ്ദേഹത്തിന് നൽകാനുണ്ട്. ഇത് നൽകാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് ആണ് ആശുപത്രിയുടെ ഭരണ സമിതി. കെ.പി.സി.സി മെമ്പർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ട്രെസ്ടിന്റെ ഭാഗമായുണ്ട്.
ആശുപത്രി നിർമ്മിച്ച് ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും തുക നൽകാത്തത് ജോസഫിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഇന്നലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ആശുപത്രി കെട്ടിടത്തിന് മുകളിൽ ജോസെഫിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
ട്രുസ്ടിന്റെ പണം കോൺഗ്രസ് നേതാക്കൾ ദുരുപയോഗം ചെയ്യുന്നു എന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആശുപത്രിക്കായി പിരിച്ച തുകയും ഇത്തരത്തിൽ കോൺഗ്രസ് നേതാക്കൾ അഴിമതിനടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു. ആശുപത്രിക്കായി വാങ്ങിയ സ്ഥലവും കെട്ടിടത്തിലെ മുറികളും സ്വകാര്യ വ്യക്തികൾക്ക് വിറ്റുവെന്ന ആരോപണവും ശക്തമായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ ഇതിനെതിരായ വികാരമുണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കൾ ജനങ്ങളെ വഞ്ചിച്ചെന്നും പണം അഴിമതി നടത്തിയെന്നുമാരോപിച്ചും മുൻ കോൺഗ്രസ് നേതാവും ട്രുസ്ടിന്റെ ഭാഗവുമായിരുന്ന ജെയിംസ് പന്തമാക്കൽ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ആശുപത്രി അധികൃതർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാൻ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെറുപുഴ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും കൊലപാതകമാണോ എന്ന സംശയമുണ്ടെന്നും സി.പി.ഐ.എം നേതാവ് സി.സത്യപാലൻ പ്രതികരിച്ചു.
ഇരു കൈകളിലെയും ഞരവ് മുറിച്ചത് സംശയം വർധിപ്പിക്കുന്നു. മാത്രവുമല്ല ഇന്നലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്താൻ പോയ ശേഷം ജോസഫിനെ ആരും കണ്ടിട്ടില്ല. പിന്നീട് കാണുന്നത് ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിലാണ്. ഇതും സംശയത്തിന് ഇടനല്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/45B9yckvjd8
പ്രതികരിക്കാൻ ഇവിടെ എഴുതുക