ബുള്ളറ്റിന്റെ വില കുറഞ്ഞ പതിപ്പുകള്‍ അവതരിപ്പിച്ചു നേട്ടം കൊയ്യാനുള്ള ശ്രമം റോയല്‍ എന്‍ഫീല്‍ഡ് തുടരുന്നു. ഉല്‍പ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാനായി ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ നടത്തിയ പരീക്ഷണമാണു കമ്പനി ക്ലാസിക് 350 മോഡലിലേക്കും വ്യാപിപ്പിച്ചത്.
ക്രോമിയത്തിന്റെ ഉപയോഗം നിയന്ത്രിച്ച് പകരം ബൈക്ക് കറുപ്പ് നിറത്തിലാക്കുന്നതടക്കമുള്ള ചെലവു ചുരുക്കല്‍ തന്ത്രങ്ങളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ പരീക്ഷിച്ചത്.
ഇപ്പോഴാവട്ടെ ഇതേ തന്ത്രങ്ങളോടെ ക്ലാസിക് 350 എസ് എന്ന പേരില്‍ ബുള്ളറ്റിന്റെ പുതിയ പതിപ്പും കമ്പനി പുറത്തിറക്കി.
ബൈക്കിന്റെ പേരിലുള്ള ‘എസ്’ സിംഗിള്‍ ചാനല്‍ എ ബി എസിന്റെ സൂചനയാണെന്നു വേണം കരുതാന്‍. ‘ക്ലാസിക് 350’ ഇരട്ട ചാനല്‍ എ ബി എസോടെയാണു വില്‍പ്പനയ്ക്കുള്ളത്.
ഇത്തരം വിട്ടുവീഴ്ചകളിലൂടെ ക്ലാസിക് 350 എസിന്റെ ചെന്നൈയിലെ ഷോറൂം വില 1.45 ലക്ഷം രൂപയാക്കി കുറയ്ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനു സാധിച്ചു. ക്ലാസിക് 350 ബൈക്കിന്റെ വിലയായ 1.54 ലക്ഷം രൂപയെ അപേക്ഷിച്ച് 9,000 രൂപ കുറവാണിത്.
ആദ്യ ഘട്ടത്തില്‍ തമിഴ്നാട്ടിലും കേരളത്തിലും മാത്രമാണു ക്ലാസിക് 350 എസ് വില്പ്പനയ്ക്കുള്ളതെന്നാണു സൂചന. മാത്രമല്ല, എപ്പോഴാവും ഈ പതിപ്പ് രാജ്യവ്യാപകമായി വില്‍പ്പനയ്ക്കെത്തുകയെന്നതു സംബന്ധിച്ചും വിവരമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക