ശാസ്ത്രസാങ്കേതികജ്ഞാനം നൽകിയ ധിഷണയും രാഷ്ട്രീയഭാവനയാൽ പ്രേരിതമായ ഉൾക്കാഴ്ചയും സമന്വയിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. തന്റെ വീക്ഷണ-നിരീക്ഷണങ്ങളിലൂടെ കാലാതീതനായ വേറിട്ടൊരു നേതാവ് എന്ന ബഹുമതിക്കു കൂടി അർഹനായ ഇന്ത്യയുടെ 11–ാം രാഷ്ട്രപതി.
ഇന്ത്യയുടെ “മിസൈൽ മാൻ” എന്ന് അറിയപ്പെടുന്ന അദ്ദേഹത്തെ പരമോന്നതബഹുമതിയായ ഭാരത രത്നം സമ്മാനിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരത്തു സാധാരണകുടുംബത്തിൽ ജനിച്ച അദ്ദേഹം കഠിനാധ്വാനവും ശുഭപ്രതീക്ഷയും കരുത്തായി കൊണ്ടുനടന്നു.
ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിക്കാൻ വേണ്ട മാർഗദർശനം നൽകാനാണു ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്. രാഷ്ട്രപതിപദവിയിലായിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു അദ്ദേഹം. യുവതലമുറ എപ്പോഴും അദ്ദേഹത്തിനായി കാതോർത്തു.
എൺപത്തിനാലാം വയസ്സിലും രാത്രി ഒരുമണി വരെ വായനയ്ക്കും ആരാധകരുടെ ഇ മെയിൽ സന്ദേശങ്ങൾക്കു മറുപടി നൽകാനുമായി ചെലവഴിച്ചു. താൻ 1.6 കോടി ഇന്ത്യൻ യുവാക്കളെ നേരിട്ടു കണ്ടു സംസാരിച്ചതായും രാജ്യത്തിന്റെ ഭാവി അവരിൽ ഭദ്രമാണെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു.
കാലയവനികയ്ക്ക് പിന്നിലേക്ക് മറയുംമുന്നെ അദ്ദേഹം നമുക്ക് നൽകിയ ചില ജീവിതപാഠങ്ങൾ….
ഒരു രാജ്യം അഴിമതിരഹിതമാകണമെങ്കില്‍, മനോഹരമായ മനസ്സുകളുള്ളവരുടേതാകണമെങ്കില്‍- ഞാന്‍ കരുതുന്നു സമൂഹത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ക്ക് അതിന് കഴിയും. മാതാ, പിതാ, ഗുരു.
യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം.
ലക്ഷ്യത്തിലെത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഏകാഗ്രമായ അര്‍പ്പണ മനോഭാവം വേണം.
ഞാന്‍ ഒരു നേതാവിനെ നിര്‍വ്വചിയ്ക്കാം. അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം. ഒരിയ്ക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിയ്ക്കാന്‍
വലിയ സ്വപ്നാടകരുടെ വലിയ സ്വപ്നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.
നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകള്‍ക്കായി.
ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ.
ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദം പുലര്‍ത്തുന്നു. സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനായി ഗൂഢാലോചന നടത്തുന്നു.
ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാൻ ഒട്ടേറെ ചുണ്ടുകളുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക