ബെയ്ജിങ്: ടിക് ടോക്ക് ആപ്പിന്റെ സ്ഥാപകരും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്. സ്മാര്‍ട്ടിസാന്‍ ജിയാന്ഗ്യുവോ പ്രോ-3 എന്ന ഹാന്‍ഡ്സെറ്റാണ് ടിക് ടോക്ക് സ്ഥാപകരായ ബൈറ്റ്ഡാന്‍സിന്റെ പേരില്‍ രംഗത്തിറക്കിയത്.
ബൈറ്റ് ഡാന്‍സ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കും ചുവടുവയ്ക്കുകയാണെന്ന് ഈവര്‍ഷം തുടക്കത്തില്‍ത്തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു മുന്നോടിയായി സ്മാര്‍ട് ഫോണ്‍ നിര്‍മാണരംഗത്ത് അനുഭവപരിചയമുള്ള സ്മാര്ട്ടിസാനില്നിന്ന് പേറ്റന്റുകളും ജീവനക്കാരെയും ബൈറ്റ് ഡാന്‍സ് തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നൂ. ഈ വര്‍ഷം അവസാനിക്കും മുമ്പ് സ്വന്തം പേരില്‍ സ്മാര്‍ട്ട് ഫോണെന്ന സ്വപ്നം കമ്പനി യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
മൂന്നു കോണ്‍ഫിഗറേഷനിലും വെള്ള, കറുപ്പ്, പച്ച നിറങ്ങളിലും ജിയാന്ഗ്യുവോ പ്രോ-3 ചൈനയിലാണ് ആദ്യം പുറത്തിറങ്ങുക. അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ ഏകദേശം 29,000 രൂപ വിലവരും. മറ്റു രണ്ടു മോഡലുകള്‍ക്ക് 32,000, 36,000 രൂപയാണ് ഏകദേശവില. തുടക്കത്തില്‍ 2,000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയില്‍ പുറത്തിറങ്ങിയെങ്കിലും വിദേശവിപണികളില്‍ ഫോണ്‍ എന്നു ലഭ്യമാകുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.
വിപണിയില്‍ ഇന്നു പ്രചാരത്തിലുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണുകളോടു കിടപിടിക്കാവുന്ന സവിശേഷതകളുമായാണ് ബൈറ്റ്ഡാന്‍സും രംഗത്തെത്തിയിരിക്കുന്നത്.
നാലു ക്യാമറകളാണു 12 ജി.ബി. റാമുള്ള ഫോണിന്റെ പ്രത്യേകതകളില്‍ പ്രധാനം. പ്രധാന ക്യാമറ 48 മെഗാപിക്സലാണ്. 20 എം.പിയാണു മുന്‍വശത്തെ ക്യാമറയ്ക്കുള്ളത്.
സെല്‍ഫി ലൈറ്റിങ്ങാണു മറ്റൊരു സവിശേഷത. ലോക് സ്ക്രീനില്‍നിന്ന് ഒറ്റ സ്വൈപ്പിൽ ടിക് ടോക്ക് ആപ്പിലേക്കു പോകാമെന്നതു യുവാക്കളെ ആകര്‍ഷിക്കുമെന്നും കമ്പനി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക