പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്.
എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വി.എഫ്. എക്സ് നിർവഹിച്ചിരിക്കുന്നത് എം. കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്.
ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. നിർമ്മാണ ചെലവ് അഞ്ച് കോടി കടന്നു. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്.
പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക