കണ്ണൂർ: പോലീസ് സ്റ്റേഷൻ സിനിമ ഷൂട്ടിങ്ങിന് നൽകിയതോടെ പരാതിക്കാർ ആപ്പിലായി. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ ഷൂട്ടിംഗ് വാഹനങ്ങളും, സാധന സാമഗ്രികളും കൊണ്ട് സ്റ്റേഷൻ പരിസരം നിറഞ്ഞതോടെ പരാതിക്കാർക്ക് സ്റ്റേഷനകത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി.
നടൻ ജയസൂര്യ നായകനാവുന്ന വെള്ളം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് പരിയാരം പോലീസ് സ്റ്റേഷൻ വിട്ടുകൊടുത്തത്.
നടൻ ജയസൂര്യയുമൊത്ത് സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു അവിടുത്തെ പോലീസുകാർ, അതോടെ സ്റ്റേഷൻ പരിസരം മൊത്തത്തിൽ ഷൂട്ടിംഗ് മൂഡിലായി.
പരാതിയുമായും മറ്റ് ആവശ്യങ്ങൾക്കായും സ്റ്റേഷനിൽ പ്രവേശിച്ചവരെ ഷൂട്ടിംഗ് സംഘം തടഞ്ഞതോടെ കളി കാര്യമായി. ഒടുവിൽ പരാതിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം സിഐ ഇടപെട്ടതോടെ ഇരുകൂട്ടരും സംയമനം പാലിച്ചു.
പോലീസ് സ്റ്റേഷൻ സിനിമ ചിത്രീകരണത്തിന് വിട്ടുനൽകിയത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക