ഹ്യുണ്ടായിയുടെ നാല് മീറ്ററില്‍ താഴെയുള്ള സബ്കോംപാക്ട് സെഡാന് ഓറ ജനുവരി 21ന് അവതരിപ്പിക്കും. ഓറ ഗ്രാന്‍ഡ് ഐ10 നിയോസിനെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തിറക്കുന്നതിന് മുന്നോടിയായി ജനുവരിയില്‍ കാറിന്റെ ബുക്കിങ് ആരംഭിക്കും.
രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലും ഓറ വിപണിയിലെത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 83 പി.എസ് പവറും 144 എന്‍.എം ടോര്‍ക്കും നല്‍കും. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്ജിന് 100 പി.എസ് പവറും 172 എന്‍.എം ടോര്‍ക്കും നല്‍കും. 1.2 ലിറ്റര്‍ ഡീസല്‍ എന്ജിന് 75 പി.എസ് പവറും 90 എന്‍.എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്സ്മിഷന്.
എല്‍.ഇ.ഡി ഇന്‍സേര്‍ട്ടോട് കൂടിയ സി ഷേപ്പ് ടെയില്‍ ലാമ്പ്, ഷാര്‍ക് ഫിന് ആന്റിന, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളും ഫോഗ് ലാമ്പും ബൂമറാങ്ങിന്റെ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയെല്ലാം കാറിന്റെ പ്രത്യേകതകളാണ്.
ഇന്റീരിയറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടായ് പുറത്ത് വിട്ടിട്ടില്ലെങ്കിലും എട്ട് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെ ഇന്ഫോടെയിന്മന്റെ സിസ്റ്റം പിന്തുണക്കും. റിയര്‍ എ.സി വെന്റുകളും വാഹനത്തിലുണ്ട്. ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനുമിടക്കാവും കാറിന്റെ ഷോറും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക