ഇരിട്ടി: കർണാടകയിൽനിന്ന് കാറിൽ കേരളത്തിലേക്കു കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ പിടികൂടി. കിളിയന്തറയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ ഒരാളെ അറസ്റ്റു ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തില്ലങ്കേരി മച്ചൂർമലയിലെ കെ.പ്രമോദിനെ (42)ആണ് എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടരന്വേഷണത്തിനായി കേസ് ഇരിട്ടി പൊലീസിനു കൈമാറി.
ഇന്നലെ 3ന് ആണ് വാഹന പരിശോധനയ്ക്കിടയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തരം തിരകൾ കണ്ടെത്തിയത്.
10 തിരകൾ വീതം ഉള്ള 6 പെട്ടികളാണ് ഉണ്ടായിരുന്നത്. വീരാജ്പേട്ടയിൽനിന്നാണ് തിരകൾ വാങ്ങിയതെന്നും കൃഷി നശിപ്പിക്കുന്ന പന്നികളെയും കുരങ്ങൻമാരെയും തുരത്തുന്നതിനു വേണ്ടി ഉപയോഗിക്കാനാണെന്നുമാണു പ്രമോദ് മൊഴി നൽകിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക