മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിജു സോപാനവും നടി നിഷ സാരംഗും പ്രധാന വേഷങ്ങളിലെത്തുന്ന ലെയ്ക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് സിനിമയിലെ കേന്ദ്ര പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ കഥയുടെ രസച്ചരടു മുറുക്കി മറ്റൊരു മുഖ്യ കഥാപാത്രമായെത്തുന്നത് ടിങ്കു എന്ന നായയാണ്. ആദ്യമായി ബഹിരാകാശത്തു പോയ റഷ്യന്‍ നായയാണ് ‘ലെയ്ക്ക’. ഇവന്റെ പിന്മുറക്കാരനാണ് ഈ ലെയ്ക്ക എന്നാണ് അവകാശവാദം. നായയുടെ കഥാപാത്രം സിനിമയുടെ ടൈറ്റില്‍ ക്യാരക്ടറായതിനാല്‍ തന്നെ കഥയില്‍ ലെയ്ക്കയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കരുതാം.
വി.പി.എസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷാദ് ശിവരാമനാണ്. പി മുരളീധരന്, ശ്യാം കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി സുകുമാറാണ്.
വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ് നിര്‍വഹിച്ച ഈ സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത് സതീഷ് രാമചന്ദ്രനും ജമിനി ഉണ്ണിക്കൃഷ്ണനുമാണ്. ഇതിനു പശ്ചാത്തല സംഗീതമൊരുക്കിയത് ജമിനി ഉണ്ണികൃഷ്ണനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക