കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ ടെലിവിഷന്‍ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാര്‍ച്ച് 20 മുതല്‍ 31 വരെ നിര്‍ത്തിവെക്കാൻ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി തീരുമാനിച്ചു.
ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇതിന് ശേഷം ചിത്രീകരണം പുനരാംഭിക്കുകയാണെങ്കിൽ മാസ്ക് ,സാനിറ്റൈസറുകള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിര്‍ബന്ധമാക്കണമെന്നും ഫ്രെട്ടേണിറ്റി വ്യക്തമാക്കി.
മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി ചെയര്മാന് സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ നിര്‍മ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പടെ
നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേരതെ തീരുമാനമെടുത്തിരുന്നു. മുന്‍നിര ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാതാക്കളും കൊറോണാ പ്രതിരോധത്തിനായി പ്രോഗ്രാമുകള്‍ നിര്‍ത്തിവച്ചു.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ് 2 റിയാലിറ്റി ഷോയും നിർത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെ റിലീസുകള്‍ ഒഴിവാക്കി. സിനിമ തിയറ്ററുകളും അടച്ചിട്ടു. മലയാളത്തില്‍ സിനിമാ നിര്‍മ്മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്.
മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളും മാറ്റിവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം, ലാൽ സംവിധാനം ചെയ്യുന്ന സുനാമി എന്നീ സിനിമകളുടെ ചിത്രീകരണവും നിര്‍ത്തിവച്ചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക