വനിതാ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. എല്ലിസ് പെറി ടി -20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ താരം കൂടിയാണ്. സ്ത്രീ- പുരുഷ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ആയിരം റൺസും നൂറ് വിക്കറ്റും നേടുന്ന ആദ്യ താരമാണ് പെറി. കഴിഞ്ഞ വർഷമാണ് പെറി ഈ നേട്ടം കൊയ്തത്.
നേരത്തെ പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയായിരുന്നു ഈ റെക്കോഡിന് തൊട്ടടുത്തുള്ളത്. ടി 20 യിൽ 1498 റൺസും 98 വിക്കറ്റും എന്ന റെക്കോഡ് ഷാഹിദ് അഫ്രീദിയുടെ പേരിലാണ്.
മൂന്നു ഫോര്‍മാറ്റിലും ഓസീസ് ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്ന താരം കൂടിയാണ് പെറി. ഇപ്പോൾ കഴിഞ്ഞ ദിവസം സോണി സ്പോര്‍ട്സിന്റെ ഒരു റാപ്പിഡ് ഫയര്‍ ചോദ്യോത്തര സെഷനില്‍ താരത്തിന്റെ രസകരമായ മറുപടികൾ വാർത്തയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരേ ബൗളിങ്, ഇന്ത്യയുടെ തന്നെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കെതിരേ ബാറ്റിങ് ഇവയില്‍ ഏതു തിരഞ്ഞെടുക്കുമെന്ന കുസൃതിച്ചോദ്യത്തിന് പെറിയുടെ മറുപടിയാണ് വൈറലായത്.
കുറച്ചു നേരം ആലോചിച്ച ശേഷം പെറി മറുപടി പറഞ്ഞത് ഇങ്ങനെ. വിരാടിനെതിരേ ബൗള്‍ ചെയ്യും. നേരത്തെ ഒരു പ്രദർശനമത്സരത്തിൽ സച്ചിൻ ടെൻഡുൽക്കർക്കെതിരെ ഒരോവർ എറിഞ്ഞ് പെറി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആറു ചോദ്യങ്ങളാണ് റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പെറിയോടു ചോദിച്ചത്. അവസാന ഓവറില്‍ ആറ് റണ്‍സ് പ്രതിരോധിക്കുമോ അല്ലെങ്കില്‍ 20 റണ്‍സ് ചേസ് ചെയ്യുമോ എന്ന ചോദ്യത്തിന് 20 റണ്‍സ് ചേസ് ചെയ്യുമെന്നായിരുന്നു പെറിയുടെ മറുപടി.
വിരമിച്ച ശേഷം കോച്ചോ, കമന്ററിയോ ഇഷ്ടമെന്ന ചോദ്യത്തിന് കോച്ചിങ്ങാണ് താരം തിരഞ്ഞെടുത്തത്. ക്രിക്കറ്ററായിരുന്നില്ലെങ്കിൽ വനിതകളുടെ ഫുട്ബോള്‍ ലോകകപ്പ് ടീമില്‍ കളിക്കുമോ, മിക്സഡ് ഡബിള്‍സ് ടെന്നീസില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം കളിക്കുമോയെന്ന ചോദ്യത്തിന് മിക്സഡ് ഡബിള്‍സിൽ ഫെഡറർക്കൊപ്പം അണിനിരക്കാനാണ് ഇഷ്ടമെന്ന് പെറി മറുപടി നല്കി.
ഈ വര്‍ഷമാദ്യം നാട്ടില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ഓസ്ട്രേലിയന്‍ സംഘത്തില്‍ പെറിയുമുണ്ടായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്നു ഇന്ത്യക്കെതിരായ ഫൈനലില്‍ താരത്തിനു പുറത്തിരിക്കേണ്ടി വന്നു. സച്ചിനു പുറമെ മൈക് ഹസിയാണ് പെറിയുടെ ഇഷ്ട ബാറ്റ്സ്മാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക