മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ് രണ്ടുദിവസത്തിനുള്ളിൽ തയാറാകും. എറണാകുളത്തുള്ള ഫെയർ കോഡ് എന്ന കമ്പനിക്കാണ് കരാർ ലഭിച്ചത്. ഓൺലൈൻ മദ്യവിതരണത്തിന് സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബാർ ഉടമകൾക്ക് ബെവ്കോ കത്ത് നൽകി.
സംസ്ഥാന ഐ.ടി വകുപ്പാണ് വിവിധ കമ്പനികളുടെ സാങ്കേതിക വിദ്യ വിലയിരുത്തി ഫെയര്‍ കോഡ് കമ്പനിയെ തെരഞ്ഞെടുത്തത്. മദ്യശാലകളിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വെർച്വൽ ക്യൂവിന് സമാനമായ പ്രവൃത്തി പരിചയമുള്ള കമ്പനിയാണ് ഫെയര്‍ കോഡ്. ബെവ് കോ ഔട്ട്ലറ്റുകളുടേയും ബാറുകളുടേയും പട്ടിക നൽകിയാൽ രണ്ടു ദിവസത്തിനുള്ളിൽ ആപ് തയാറാക്കി നൽകാമെന്നാണ് കമ്പനിയുടെ ഉറപ്പ്.
ഈ ദിവസങ്ങളിൽ ആപിന്റെ ട്രയൽ റണ്ണും നടക്കും. അതേസമയം വെർച്വൽ ക്യൂവുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ എം.ഡി ബാർ ഉടമകൾക്കു കത്ത് നൽകി. ബിയർ-വൈൻ പാർലറുകളും സന്നദ്ധത അറിയിക്കണം. ബാറുകളിലൂടെയും ബിയർ-വൈൻ പാർലറുകളിലൂടേയുമുള്ള പാഴ്സൽ വില്‍പ്പന പരിമിതകാലത്തേക്കു മാത്രമാണെന്നും ബെവ്കോ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മദ്യശാലകൾ തുറക്കാനായിരുന്നു സർക്കാർ ആലോചന. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് രണ്ടു ദിവസം കൂടി വൈകിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക