തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച ശക്തമായ മഴയ്ക്കുസാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി.
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലീമീറ്റര്‍ മഴലഭിക്കുമെന്നാണ് പ്രവചനം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.
തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും, ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും, ബുധനാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക