തിരുവനന്തപുരം: രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂൺ 15 ന് തുടങ്ങും. അറബി, ഉര്‍ദു, സംസ്കൃതം ക്ലാസുകളും ആരംഭിക്കും. ടി.വി ഇല്ലാത്ത വീടുകളിലുള്ളവര്‍ക്ക് പഠന സൗകര്യം ഒരുക്കിയ ശേഷമാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. സര്‍ക്കാര്‍, സന്നദ്ധ, യുവജന സംഘടനകള്‍ വഴി ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു. നാളെ മുതല്‍ വിവിധ ക്ലാസുകള്‍ക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചതെന്ന് കൈറ്റ്, സി.ഇ.ഒ അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും, യൂട്യൂബിൽ itsvicters വഴിയും ക്ലാസുകള്‍ കാണാം.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതു പോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും ഓഫ് ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക