കണ്ണൂർ: പയ്യന്നൂർ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡിന് പകരമായി കോഴ്സ് പൂര്‍ത്തീകരണ ചടങ്ങ് നടന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ചടങ്ങ്.
പരിശീലനം പൂര്‍ത്തിയാക്കിയ 259 പേരില്‍ ഏഴുപേര്‍ വിദേശികളാണ്. ശ്രീലങ്ക, മ്യാന്മര് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേരും മാലദ്വീപ്, ടാന്‍സാനിയ, സീഷെല്‍സ് എന്നിവിടങ്ങളിലെ ഓരോരുത്തരുമുണ്ട്.
സതേണ്‍ നേവല്‍ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ല സെറിമോണിയല്‍ ഗാര്‍ഡ് പരിശോധിച്ച് മെഡലുകള്‍ വിതരണംചെയ്തു. ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും പങ്കെടുത്തു.
ബിടെക് കോഴ്സിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണ മെഡലിന് മിഡ്ഷിപ്പ്മാന്‍ സുശീല്‍ സിങ്ങും നേവല്‍ ഓറിയന്റേഷന്‍ കോഴ്സിനുള്ള ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ഗോള്‍ഡ് മെഡലിന് (എക്സ്റ്റന്‍ഡഡ്) കേഡറ്റ് ഭവി ഗുജ്റാളും (റെഗുലര്‍) കേഡറ്റ് വിപുല്‍ ഭരദ്വാജും അര്‍ഹരായി. കേഡറ്റ് റിയ ശര്‍മ മികച്ച വനിതാ കേഡറ്റിനുള്ള സമോറിന് ട്രോഫി നേടി.
ഏഴിമല നാവിക അക്കാദമി നിലവില്‍ വന്നശേഷം ആദ്യമായാണ് പാസിങ് ഔട്ട് പരേഡില്ലാതെ ഒരു ബാച്ച് പുറത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക