ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നായകസ്ഥാനത്ത് മാറ്റം വരുത്തുകയാണെങ്കിൽ ഇനി ആരാവണം നായകൻ എന്ന കാര്യത്തിൽ അഭിപ്രായ പ്രകടനവുമായി മുൻ ഇന്ത്യൻ ടെസ്റ്റ് ഓപണർ ആകാശ് ചോപ്ര രംഗത്ത്. ഒരു ഐസിസി കിരീടം നേടാനാവുന്നില്ലെന്നതാണ് കോഹ്ലിക്ക് മുന്നിലെ വെല്ലുവിളി. എങ്കിലും ലോകത്തെ ഒന്നാം നമ്പർ ടീം തന്നെയാണ് ഇന്ത്യയെന്ന കാര്യത്തിൽ സംശയം വേണ്ട. ടീമിൻെറ കളിശൈലിയിൽ വരുന്ന ഒരു വർഷത്തിന് ശേഷം മികച്ച മാറ്റം വരണമെങ്കിൽ അതിന് പറ്റിയ മറ്റൊരു മികച്ച നായകൻ നിലവിൽ ടീമിലുണ്ട്. ചോപ്ര പറയുന്നു.
നിലവിലുള്ള ഉപനായകൻ രോഹിത് ശർമയ്ക്കാണ് ചോപ്രയുടെ വോട്ട്. ചോപ്രയുടെ അഭിപ്രായത്തിൽ ടീമിനെ ഇനി നയിക്കാൻ യോഗ്യതയുള്ള താരം ഹിറ്റ്മാനാണ്. “ഇന്ത്യ അനുഗ്രഹീതമായ ടീമാണ്. ഒരു വർഷത്തിനോ ഒന്നര വർഷത്തിനോ ശേഷം ഇന്ത്യക്ക് ടീമിൽ ഒരു ശൈലീമാറ്റം വേണമെങ്കിൽ രോഹിത് യോജ്യനായ നായകനാണ്. വിരാടിന് ബാറ്റിങ് കരിയറിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും സാധിക്കും,” ആകാശ് ചോപ്ര പറഞ്ഞു.
ടീമെന്ന നിലയിൽ ചില കാലങ്ങളിൽ മാറ്റം വേണ്ടിവന്നേക്കും. എങ്കിലും വരുന്ന ഒരു വർഷം നായകസ്ഥാനത്ത് മാറ്റമൊന്നും ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് താൻ കരുതുന്നത്. ചോപ്ര പറയുന്നു.
കോഹ്ലിയുടെ അഭാവത്തില്‍ ചില പരമ്പരകളിലും ടൂര്‍ണമെന്റുകളിലും രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയിലെല്ലാം ടീം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. 2018ലെ ഏഷ്യാ കപ്പ്, 2018ലെ നിദാഹാസ് ട്രോഫി എന്നിവയിലെല്ലാം ഇന്ത്യ ചാംപ്യന്മാരായപ്പോള് രോഹിത്തായിരുന്നു നായകന്. ഐപിഎല്ലിലും നാലു ട്രോഫികള്‍ മുംബൈ ഇന്ത്യന്‍സിന് നേടിക്കൊടുത്ത് ക്യാപ്റ്റന്‍സി മികവ് തെളിയിക്കാന്‍ രോഹിത്തിനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക