ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് ടിക് ടോക്കിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്. അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്ന് നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ്. ആപ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ? എന്നും താരം ചോദിക്കുന്നു.
കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് സൗഭാഗ്യ വെങ്കിടേഷ് തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. താര കല്യാൺ, സൗഭാഗ്യ വെങ്കിടേഷ്, ഭർത്താവ് വെങ്കിടേഷ്, താര കല്യാണിന്റെ അമ്മയും നടിയുമായ സുബ്ബലക്ഷ്മി ഇവർ നാലുപേരും ടിക് ടോക്കിൽ സജീവമായിരുന്നു. ഫാമിലിയുടെ ആകെ വ്യൂവർഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരുമെന്നാണ് ഇതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞത്.
സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ
ഒറ്റരാത്രി കൊണ്ടു ഗുഡ്ബൈ പറഞ്ഞത് എന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനോടാണ്. അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ല. ടിക്ടോക് പോയെന്നുവച്ച് ലോകാവസാനം ഒന്നുമല്ലല്ലോ. അമ്മയുടെ അക്കൗണ്ട് 5 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ഭർത്താവ് അർജുന്റെ പുതിയ അക്കൗണ്ടിൽ 20,000ൽ അധികം പേരും. ചുരുക്കത്തിൽ ഞങ്ങളുടെ ഫാമിലിയുടെ ആകെ വ്യൂവർഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരും. തിങ്കളാഴ്ച വൈകിട്ട് സർക്കാർ തീരുമാനം വന്നയുടൻ എന്റെ അക്കൗണ്ട് നീക്കം ചെയ്യാൻ തീരുമാനിച്ചു. ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവർത്തികൂടി ഉറപ്പാണോയെന്നു ചോദിച്ചു – ‘You are about to delete account sowbhagyavenkites. Continue?’. കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു.
പലരും ചോദിച്ചു, ടിക്ടോക് നിരോധനം തളർത്തിയോ എന്ന്? ഒരിക്കലുമില്ല. ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാർക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാർ ഏതു പ്ലാറ്റ്ഫോമിലും ശോഭിക്കും. ആപ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിനു പൂർണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക