ഒരു വീട് നിർമ്മാണം എന്നു പറഞ്ഞാൽ . കൈയിൽ നിന്ന് ലക്ഷങ്ങൾ പോകുന്നത് അറിയില്ല. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും പണിക്കൂലിയിലെ വർദ്ധനവും കാരണം ലോൺ എടുത്താൽ പോലും വീട് പണി എങ്ങുമെത്താത്ത അവസ്ഥയാണ് സാധാരണക്കാർക്ക്. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതും ചെലവ് കൈയിൽ നിൽക്കാത്തതിന് കാരണമാകുന്നുണ്ട്. കൃത്യമായ പ്ലാനിംഗോട് കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാനാവും.
സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കാതെ തന്നെ നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് പ്ലാൻ ചെയ്താൽ നിങ്ങൾക്കും നല്ല ഒരു വീടിന്റെ ഉടമസ്ഥനാകാം. വീടുപണിക്കു മുമ്പേ തീരുമാനം എടുക്കേണ്ട പ്രധാന കാര്യമാണ് ബഡ്ജറ്റ്. മൊത്തം എത്ര തുക വീടുപണിക്കായി ചെലവാക്കാം, എങ്ങനെ, എപ്പോൾ ലഭ്യമാക്കാം എന്നിവ ആദ്യമേ തീരുമാനിക്കണം. പരിചയസമ്പന്നനായ ആർക്കിടെക്ടിനെയോ എൻജിനീയറെയോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പൂർണമായും തൃപ്തിയാകുന്നതു വരെ പ്ലാനിൽ മാറ്റങ്ങൾ വരുത്താം. പ്ലാൻ അന്തിമമായി തയാറായതിനു ശേഷം മാത്രം പണിയാരംഭിക്കുക. പണി തുടങ്ങിയതിനു ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുക.വീട് വയ്ക്കാനുള്ള പ്ലോട്ട് തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. താഴ്ന്നതും ചതുപ്പോ വെള്ളക്കെട്ടുള്ളതോ ആയ സ്ഥലമാണെങ്കിൽ ഇരട്ടിചെലവായിരിക്കും ഉണ്ടാകുക. വെള്ളക്കെട്ടുള്ളതോ ഉറപ്പില്ലാത്തതോ ആയ സ്ഥലമാണെങ്കിൽ പില്ലറും ബെൽറ്റ് കോൺക്രീറ്റും ഉൾപ്പെടെയുള്ളവയ്ക്കായി വൻതുക ചെലവഴിക്കേണ്ടിവരും
വീടു പണിയാനിറങ്ങുമ്പോൾ വീട് നിർമ്മാണത്തിന്റെ ചെലവുകൾ എഴുതിസൂക്ഷിക്കാൻ ഒരു കണക്കുപുസ്തകം ഉള്ളത് നല്ലതാണ്. വീടുപണിയുടെ ആദ്യദിനംമുതൽ അതതു ദിവസത്തെ ചെലവുകൾ എഴുതിയിടാൻ മറക്കരുത്. ചെലവിൽ ഒരു നിയന്ത്രണം ഉണ്ടാകുന്നതിന് ഇതുപകരിക്കും. ചെലവ് കുറയ്ക്കാനുള്ള പുതിയ പരീക്ഷണങ്ങൾ നിലവിലെ ട്രെൻഡിന് അനുസരിച്ചുള്ള താണെന്ന് ശ്രദ്ധിക്കണ്ടേതും അത്യാവശ്യമാണ്. പിന്നീട് വീട് വിൽക്കണമെന്ന് തോന്നുകയാണെങ്കിൽ റീസെയിൽ വാല്യുവിനെ അത് ബാധിക്കാാൻ സാദ്ധ്യതയുണ്ട്.
ഒരു സ്പേസ് പോലും അനാവശ്യമായി വീട്ടിൽ ഉണ്ടാകാൻ പാടില്ല. അനാവശ്യചെലവായിരിക്കും ഇത് കാരണം ഉണ്ടാകുന്നത്. . കഴിവതും ഒന്നിൽ കൂടുതൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിൽ മുറികൾ ഡിസൈൻ ചെയ്യുന്നതും നല്ലതാണ്.മുറികളുടെ വലുപ്പം കുറയ്ക്കുന്നതിനെക്കാളും എണ്ണമാണ് കുറയ്ക്കേണ്ടത്. ജനലുകളുടെയും വാതിലുകളുടെയും എണ്ണത്തിലും മറ്റ് ക്രമീകരണങ്ങളിലും സ്ട്രക്ചർ പണിയിലും വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് മൊത്തം വിസ്തീർണത്തിന്റെ അളവ് കുറയ്ക്കുമെങ്കിലും മൊത്തം ചെലവിനെ കാര്യമായി കുറയ്ക്കില്ല.
വീടുപണിക്കിടയിൽ ഉണ്ടാകാനിടയുള്ള തടസങ്ങൾ മുൻകൂട്ടികണ്ട് ഓരോ ദിവസത്തെയും ജോലികൾ, ഏതു ജോലി കഴിഞ്ഞാല് ഏതൊക്കെ പണികൾ ആരംഭിക്കാം, ഏതൊക്കെ പണികൾ ഒരുമിച്ചു നടത്താം എന്നുമൊക്കെ കൃത്യമായി പ്ലാൻ ചെയ്തു വയ്ക്കണം. അപ്പോൾ ഓരോ ഘട്ടത്തിലും എത്ര രൂപ കൈയിൽ വയ്ക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. സമയബന്ധിതമായി പണി തീരുന്നുണ്ടോ എന്നും മനസിലാക്കാം. ഓരോ പണിയുടെയും തുടക്കത്തിൽ തന്നെ ഓരോന്നും എങ്ങനെ, ഏതുതരത്തിൽ ചെയ്യണം, എത്ര സാധനങ്ങൾ ഏതൊക്കെ തരത്തിൽ ലഭിക്കും, ഏതു രീതിയിൽ ചെയ്താൽ സാമ്പത്തികനേട്ടം ലഭിക്കും എന്നിവയെക്കുറിച്ച് അവലോകനം നടത്തിയതിനു ശേഷം മാത്രം പണിയാരംഭിക്കുക.
ഫൗണ്ടേഷൻ മുതൽ വാർപ്പ് വരെ നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യം. എന്നാൽ അതിനുശേഷം ചെലവ് നിയന്ത്രിക്കാം. ഏതു മികച്ച ബ്രാൻഡും ബേസിക് കാറ്റഗറിയിൽ തുടങ്ങിയാണ് ലക്ഷ്വറിയിലെത്തുന്നത്. സൂക്ഷിച്ചു തിരഞ്ഞെടുത്താൽ ലാഭമുണ്ടാക്കാം ജിപ്സം, ഫെറോസിമന്റ് എന്നിവകൊണ്ടുള്ള വീടുകൾക്ക് ഇപ്പോൾ പ്രചാരമേറുന്നുണ്ട്. ഇവ എളുപ്പത്തിൽ പണി തീർക്കുകയും ചെലവു കുറയ്ക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക