ദോഹ: ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് നിര്‍ദേശങ്ങളിള്‍ ഡിസ്കവര് ഖത്തര്‍ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും ഡിസ്കവര് ഖത്തര്‍ അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം 2020 ആഗസ്റ്റ് 20നും അതിന് ശേഷവും ഹോട്ടലുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബുക്കിങ്ങുകളില്‍ ഒരിക്കലും മാറ്റം വരുത്താനാകില്ല. ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതോടെ റീഫണ്ട് ഉണ്ടാകില്ല. ബുക്കിങ് തീയതി മാറ്റാനാകില്ല.
എന്നും ഡിസ്കവര് ഖത്തര്‍ വ്യക്തമാക്കി. ഹോട്ടല്‍ ക്വാറന്റീന് പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിന് മുൻപ് നല്‍കിയിട്ടുള്ള വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
നേരത്തേ ഹോട്ടല്‍ ബുക്കിങ്ങില്‍ തീയതി മാറ്റാനുള്ള അവസരവും ബുക്കിങ് റദ്ദാക്കുന്നതോടെ പണം തിരികെ ലഭിക്കാനും അവസരമുണ്ടായിരുന്നു. ഇതാണ് പുതിയ ഭേദഗതികളോടെ ഇല്ലാതായിരിക്കുന്നത്.അതേസമയം, യാത്രക്ക് മുമ്ബ് വിമാന സര്‍വിസ് റദ്ദാകുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ ബുക്കിങ് തീയതികളില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്. എന്നാല്‍, ഒരു തവണ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. പുതിയ ക്വാറന്റീന് ബുക്കിങ് പാക്കേജുകള്‍ ഹോട്ടല്‍ റൂം ലഭ്യതക്കും പ്രതിദിനമുള്ള ആളുകളുടെ വരവിനും അനുസരിച്ചായിരിക്കും. പാക്കേജിെന്റ നിരക്കിലുള്ള വ്യത്യാസം ഉപഭോക്താവ് അടക്കേണ്ടി വരും. വിമാനയാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തറിലെ താമസക്കാര്‍ ദോഹയിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ഹോട്ടല്‍ ബുക്കിങ്ങിന് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
ചിലര്‍ യാത്ര ഉറപ്പാക്കുന്നതിന് മുൻപായി ഹോട്ടലുകള്‍ ബുക്ക് ചെയ്തത് ഹോട്ടലുകളുടെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. യാത്ര ഉറപ്പാകുകയും ആവശ്യമായ രേഖകളും അനുമതികളും ലഭ്യമാകുകയും ചെയ്താല്‍ മാത്രമേ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ പാടുള്ളൂവെന്നത് യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിസ്കവര് ഖത്തര്‍ ഓര്‍മിപ്പിച്ചു. ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിന് മുമ്ബായി മുഴുവന്‍ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഖത്തറിലേക്കുള്ള യാത്രക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് ആവശ്യമില്ല. എന്നാല്‍, അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്കുള്ളവര്‍ ഒരാഴ്ച നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നും ഡിസ്കവര് ഖത്തര്‍ പറയുന്നു.
അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്. ആഗസ്റ്റ് മാസത്തില്‍ ഹോട്ടല്‍ റൂമുകളുടെ ലഭ്യത വളരെ കുറവായിരുന്നുവെന്നും സെപ്റ്റംബറോടെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക