കണ്ണൂർ :കൂടാളി ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച പകല്‍ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആധുനിക പൊതു ശ്മശാനത്തിന്റെ ശിലാസ്ഥാപനവും കെ കെ രാഗേഷ് എം പി നിര്‍വഹിച്ചു.
എല്ലാവര്ക്കും ഒത്തുചേരാന്‍ പൊതു ഇടം എന്ന നിലയില്‍ ഇത്തരമൊരു കേന്ദ്രം നിര്‍മിച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ നിരവധി ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി അംഗീകാരങ്ങള്‍ നേടിയ പഞ്ചായത്താണ് കൂടാളി. പഞ്ചായത്തില്‍ നിര്‍മിച്ച രണ്ട് പച്ചത്തുരുത്തുകള്‍ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്നും എം പി അഭിപ്രായപ്പെട്ടു.
പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവും മികച്ച രീതിയില്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കിയതിനുള്ള ഹരിത കേരള മിഷന്റെ അനുമോദന പത്രം കൈമാറ്റവും എം പി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഫല്‍ അനുമോദന പത്രം ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്തിലെ കൊളോളത്താണ് മൂന്ന് ലക്ഷം രൂപ ചെലവില്‍ പകല്‍ വിശ്രമ കേന്ദ്രം നിര്‍മിച്ചത്. മുണ്ടപ്പറമ്പിലാണ് ആധുനിക പൊതു ശ്മശാനം നിര്‍മിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഫല്‍ അധ്യക്ഷനായി. സ്ഥിരംസമിതി അംഗങ്ങളായ കെ വി കൃഷ്ണന്, സി പി പ്രേമരാജന്‍, അംഗം മനോജന് കക്കത്ത്, സെക്രട്ടറി കെ രാജന്, രാഷ്ട്രീയ-സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക