എംസി റോഡിൽ അപകടത്തിൽപെട്ട് മറിഞ്ഞ കാറിൽനിന്ന് 7.4 കിലോ കഞ്ചാവ് പിടിച്ചു; 3 പേർ അറസ്റ്റിൽ. മുളക്കുഴ പള്ളിപ്പടിക്കു സമീപം ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം.
അടൂർ പള്ളിക്കൽ പൊൻമന കിഴക്കേതിൽ ഷൈജു (ലൈജു –25), ഫൈസൽ (19), തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോടുപറമ്പ് വാരത്ത് മഹേഷ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒരാൾ കടന്നു.
നിസ്സാര പരുക്കേറ്റ യുവാക്കളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കാറിൽ നിന്നു പൊതികൾ എടുക്കാൻ ശ്രമിക്കുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാക്കറ്റുകളിലൊന്നു പൊട്ടിയതു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.
സിഐ ജോസ് മാത്യു, എസ്ഐ എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ പരിശോധന നടത്തി. തുടർന്നാണ് കൂടുതൽ കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ജില്ലാ ആശുപത്രിയിലെത്തിയാണ് പിടികൂടിയത്.
കാറിന്റെ പിൻസീറ്റിനടിയിൽ 3 പ്ലാസ്റ്റിക് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വെള്ളറടയിൽ നിന്നു തിരുവല്ലയിലേക്കു കൊണ്ടുവരികയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക