കണ്ണൂർ :ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാരുടെ അപേക്ഷ ഡിസംബര്‍ 15 വൈകിട്ട് നാല് മണിക്കു മുമ്പ് സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാര്‍ മാത്രമേ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുള്ളൂ. ജില്ലാ പഞ്ചായത്തിലെ ഇവിഎം വോട്ടുകളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനത്തിനായി അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തിലാണ് നടക്കുക. രണ്ട് ഡിവിഷന് ഒന്ന് എന്ന ക്രമത്തില്‍ ആകെ 12 മേശകളാണ് സജ്ജീകരിക്കുക. വോട്ടെണ്ണല്‍ പ്രവൃത്തി നിരീക്ഷിക്കുന്നതിനായി ഓരോ സ്ഥാനാര്‍ഥിക്കും ഒരു ഏജന്റിനെ നിയോഗിക്കാവുന്നതാണ്. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ കൗണ്ടിങ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരപ്പെടുത്തിയ വ്യക്തികള്‍ എന്നിവര്‍ക്കു മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശനം ഉണ്ടാകൂ. വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കാന് പാടില്ല. വരണാധികാരിയില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ധരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. മൊബൈല്‍ഫോണുകള്‍ കൗണ്ടിങ് ഹാളിന്റെ പ്രവേശന കവാടത്തില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ പക്കല്‍ നല്കി രസീത് വാങ്ങണമെന്നും ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക