കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം നാൾക്കുനാൾ കനക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീർപ്പ് വ്യവസ്ഥകളൊന്നും കർഷകർ അംഗീകരിക്കുന്നില്ല.
കാർഷിക നിയമഭേദഗതി കോർപ്പറേറ്റുകള്‍ക്ക് വേണ്ടിയെന്നാണ് വിമർശനം. രാജ്യത്ത് നിന്നും നിരവധിപേരാണ് ഡൽഹിയിൽ നടക്കുന്ന പ്രക്ഷേഭത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര കാർ പങ്കുവച്ചിരിക്കുന്ന കാർട്ടൂണാണ് ഇപ്പോൾ ചർച്ചയാകുന്നത്. അൽഭുത വിളക്ക് കയ്യിലേന്തിയ അലാവുദീനായി മുകേഷ് അംബാനിയെയും കുപ്പിയില്‍ നിന്ന് വന്ന ഭൂതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് ട്വിറ്ററിൽ പങ്കുവച്ച കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.
ബോസ് വിത്ത് എംപ്ലോയ് (തൊഴിലാളിക്കൊപ്പം മുതലാളി) എന്ന തലക്കെട്ടോടുകൂടിയാണ് ട്വീറ്റ്. 2019-ൽ പുറത്തിറങ്ങിയ അലാദീൻ എന്ന ചിത്രത്തിന്റെ രംഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
കുനാൽ കമ്രയുടെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി. നിരവധിപേരാണ് റീട്വീറ്റ് ചെയ്തും കമന്റ് ചെയ്തും കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. മുതലാളിയായ അംബാനിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന തൊഴിലാണിയാണല്ലേ മോദി എന്നാണ് കാർടൂൺ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന തരത്തിലാണ് കമന്റുകൾ.
കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും കുനാല്‍ കമ്ര കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടയില്‍ യോഗ ചെയ്യുന്ന മോദിയുടെ ചിത്രമായിരുന്നു ഭാരത് ബന്ദിന്റെ ദിവസം കുനാല്‍ പങ്കുവെച്ചത്.
കര്‍ഷകരുടെ പ്രതിഷേധത്തിന് പങ്കുചേര്‍ന്നതിന് നന്ദി മോദിജീ എന്ന പരിഹാസ കുറിപ്പോടെയാണ് കുനാല്‍ കമ്ര ചിത്രം പങ്കുവെച്ചത്.
റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതി നടപടിയെ വിമർശിച്ച് ട്വീറ്റ് പങ്കുവച്ചതിന് കോടതിയലക്ഷ്യത്തിന് കുനാൽ കമ്രയ്ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക