മംഗലശ്ശേരി നീലകണ്ഠന്റെയും പൂവള്ളി ഇന്ദുചൂഢന്റെയും ഓര്‍മ്മകള്‍ സമ്മാനിക്കുന്ന വരിക്കാശ്ശേരി മനയില്‍ എത്തി ‘നെയ്യാറ്റിന്‍കര ഗോപനും’. വരിക്കാശ്ശേരി മനയില്‍ മാസ് ലുക്കില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ വരിക്കാശ്ശേരി മനയില്‍ എത്തിയിരിക്കുന്നത്.
സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന് എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മാസ് മസാല പടം ആയാണ് ചിത്രം ഒരുങ്ങുന്നത്. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്.
പുലിമുരുകന് ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ റിലീസിനായാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദൃശ്യം 2വിന്റെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക