സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ വാട്സാപ്പ് ഉപയോഗിക്കാതിരുന്നുകൂടെയെന്ന് ഡല്‍ഹി ഹൈക്കോടതി. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജീവ് സച്ദേവയുടെ ചോദ്യം. വാട്സ്ആപ്പ് സ്വകാര്യ ആപ്പാണ്. എല്ലാ ആപ്പുകളും ഡാറ്റകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആപ്പുകളുടെ വ്യവസ്ഥകള്‍ വായിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ടെന്ന ആശങ്കയുണ്ടെങ്കില്‍ ആപ്പ് ഡിലീറ്റ് ചെയ്താല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വാട്സആപ്പിന്റെ പുതിയ സ്വകാര്യത നയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം കോടതിയെ അറിയിച്ചു. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്നും അതിനാല്‍ ഹര്‍ജിക്ക് അടിസ്ഥാനമില്ലെന്നും വാട്സ്ആപ്പ് കോടതിയില്‍ വാദിച്ചു. വിശദവാദത്തിന് കേസ് ഈ മാസം 25ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക