വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശി ഷഹാന (26)യാണ് കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിനോദ സഞ്ചാരത്തിനായി 30 അംഗ സംഘത്തിലാണ് യുവതി ഇവിടെ എത്തിയത്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻറ് സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയാണിവർ.
റിസോർട്ടിന് പുറത്ത് കൂടാരത്തിലിരിക്കവെയാണ് ആക്രമണമുണ്ടായത്. ബാക്കിയുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനയ്ക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇവിടെ ഇടയ്ക്കിടെ കാട്ടാനകൾ ഇറങ്ങാറുണ്ട്. അടുത്തകാലത്താണ് കൂടുതൽ സഞ്ചാരികൾ ഈ ഭാഗത്തേയ്ക്ക് എത്താൻ തുടങ്ങിയത്. രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക