Home KERALA ഫെഡറലിസം ഇല്ലാതാക്കാനുള്ള ഗൂഢ നീക്കങ്ങള്‍ ചെറുക്കണം- മന്ത്രി ഇ പി ജയരാജന്‍

ഫെഡറലിസം ഇല്ലാതാക്കാനുള്ള ഗൂഢ നീക്കങ്ങള്‍ ചെറുക്കണം- മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ :വൈവിധ്യങ്ങളുടെ സമന്വയമായ ഇന്ത്യന്‍ ദേശീയതയെ ഏകത്വം കൊണ്ടില്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് വ്യവസായ- കായിക  വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയുടെ ജീവസത്തയായ ഫെഡറല്‍ സ്പിരിറ്റ് ഇല്ലാതാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ വ്യാപകമാണെന്നും ഒരു ഭാഷ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും   ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറത്തുള്ള ജനാധിപത്യബോധത്തോടെയും സ്വാതന്ത്ര്യ ദാഹത്തോടെയുമാണ്  ജനങ്ങള്‍  ഇന്ത്യ എന്ന രാഷ്ട്രം രൂപപ്പെടുത്തിയത്. വൈവിധ്യമാണ് അതിന്റെ അടിത്തറ. സാര്‍വലൗകികമായ  വീക്ഷണത്തോടെയാവണം ദേശീയത വളര്‍ന്നു വരേണ്ടത്. ഏതെങ്കിലും പ്രത്യേക ആചാരത്തിന്റെയോ അടയാളത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യ ബോധത്തിലേക്ക് നയിക്കില്ല. ഭിന്നിപ്പിക്കാന്‍ മാത്രമേ അതുപകരിക്കൂ . ആത്മാഭിമാനത്തില്‍ അധിഷ്ഠിതമായ, മാനവികതയില്‍ ഊന്നിയ എല്ലാ ധാരകളെയും ഉള്‍കൊള്ളുന്നതാവണം  നമ്മുടെ ദേശീയ ബോധം – മന്ത്രി പറഞ്ഞു.

‘ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; നടന്‍ സിദ്ധാര്‍ത്ഥ്

വൈവിധ്യത്തെ ഏകശിലാരൂപമായ സംവിധാനം കൊണ്ട് പകരം വെയ്ക്കാന്‍ നോക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതിന്റെ ഭാഗമാണ് പുതിയ കാര്‍ഷിക ബില്‍. കര്‍ഷകരുടെ അഭിപ്രായം കേള്‍ക്കാതെ, അവരുടെ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ള കാര്‍ഷിക നയം  നടപ്പാക്കുന്നത് ശരിയല്ല. ഇന്ത്യന്‍ ജനതയിലെ ഭൂരിപക്ഷമാണ് കര്‍ഷകര്‍. മറ്റുള്ളവരുടെ വയറു നിറയ്ക്കാന്‍ കഷ്ടപ്പെടുന്ന കര്‍ഷകരുടെ വയറു നിറയുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് മൂന്നു ലക്ഷത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുന്നവര്‍ കര്‍ഷക സമരത്തില്‍ വിറകൊള്ളുകയാണ്. സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങളെ  കവര്‍ന്നെടുക്കാനുള്ള നീക്കവും ശക്തമാണ്. ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണത്.
ഇത്തരം വിപരീത സാഹചര്യങ്ങള്‍ക്കിടയിലും ജനക്ഷേമ വികസനകാര്യങ്ങളില്‍ മികവുറ്റ മാതൃകയായി മുന്നോട്ട് പോവുകയാണ് കേരളം. സാമൂഹ്യനീതിയില്‍ ഊന്നിക്കൊണ്ട് സര്‍വതലസ്പര്‍ശിയായ സമഗ്രവികസനമെന്ന ലക്ഷ്യത്തിലേക്കായിരുന്നു കഴിഞ്ഞ നാലരവര്‍ഷക്കാലം കേരളം കടന്നു പോയത്. അഴിമതിരഹിത മതനിരപേക്ഷ വികസിത കേരളം എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിനായി. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ ഭൂരിഭാഗവും നാലുവര്‍ഷത്തിനകം പൂര്‍ത്തീകരിച്ചു. നവകേരള സൃഷ്ടിക്കായി ആവിഷ്‌കരിച്ച നാല് മിഷനുകളും വിജയകരമായി മുന്നോട്ട് പോകുന്നു. അസാധ്യമെന്നു കരുതിയ ഗെയില്‍ ഉള്‍പ്പെടെയുള്ള  വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി. മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി  കേരളം മാറി. നീതി ആയോഗിന്റെ ഏറ്റവും പുതിയ ഇന്ത്യ ഇന്നൊവേഷന്‍ സൂചികയനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്സ് അനുകൂല  സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളം നേടി. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനാ  തത്വങ്ങള്‍  അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നതാണ് സംസ്ഥാന സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്. അരികുവല്‍കരിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ഭരണസംവിധാനം. മതത്തിന്റെയും ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടരുതെന്നും മാറ്റിനിര്‍ത്തപ്പെടരുതെന്നും  സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ട് – മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള വര്‍ഗീയ ധ്രുവീകരണത്തിനും കര്‍ഷകദ്രോഹ നയങ്ങള്‍ക്കുമെതിരെയുമുള്ള ജനകീയ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് മൈതാനിയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ അഞ്ചു പ്ലാറ്റൂണുകളായാണ് പരേഡ് അണിനിരന്നത്. രാവിലെ ഒമ്പതു മണിയോടെ മന്ത്രി ഇ പി  ജയരാജന്‍ പതാകയുയര്‍ത്തി.  മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. ഡി ഡി സി  സ്‌നേഹില്‍ കുമാര്‍ സിങ്,  സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എഡിഎം  ഇ പി മേഴ്സി തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് പുരസ്‌ക്കാരങ്ങളും മന്ത്രി ഇ പി ജയരാജന്‍ വിതരണം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച കണ്ണൂര്‍ തയ്യിലിലെ ഇ പി ഫിറോസിന് മരണാനന്തര ബഹുമതിയായി ലഭിച്ച സര്‍വോത്തം ജീവന്‍ രക്ഷാ പതക് പുരസ്‌കാരം ഫിറോസിന്റെ പിതാവ് അബ്ദുല്‍ റഷീദ്  ഏറ്റുവാങ്ങി. തലശ്ശേരി തൃപ്രങ്ങോട്ടൂര്‍ സ്വദേശി വി പി ഷംനാസ് ഉത്തം ജീവന്‍ രക്ഷാ പതക്കും ഇരിക്കൂര്‍ അഞ്ചാംപീടിക  സ്വദേശി പി പി അഞ്ചല്‍ ജീവന്‍ രക്ഷാ പതക്കും ഏറ്റുവാങ്ങി.

Also Read :   നാഗാലാന്റിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് വിച്ഛേദിച്ചു