ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി മുന്‍ താരം വസിം ജാഫര്‍. കുല്‍ദീപ് യാദവിനെ സഹായിക്കാന്‍ തനിക്കു സാധിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സങ്കടം തോന്നുന്നവെന്നും വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
‘ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും കുല്‍ദീപ് യാദവിന് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. സഹായിക്കാനാകില്ലെങ്കിലും കുല്‍ദീപ് യാദവിന്റെ അവസ്ഥയോര്‍ത്തു ദുഃഖമുണ്ട്.
ഓഗസ്റ്റ് മുതല്‍ അദ്ദേഹം ടീമിനൊപ്പം ബയോ ബബിളില്‍ തുടരുന്നു, ഒരിടത്തുനിന്നും വേറൊരിടത്തേക്കു സഞ്ചരിക്കുന്നു. എന്നാല്‍ സ്വന്തം കഴിവു തെളിയിക്കാന്‍ ഒരു അവസരം മാത്രം ലഭിച്ചിട്ടില്ല’ ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തുമെന്ന് എല്ലാവരും കരുതിയുരുന്നു. എന്നാല്‍, പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ മൂന്നാം സ്പിന്നറായി കുല്‍ദീപിനെ മറികടന്ന് ഷഹബാസ് നദീമിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക