കണ്ണൂർ :സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ വികസന ഫോട്ടോ എക്സിബിഷനും ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും തലശ്ശേരിയില്‍ തുടങ്ങി. അഡ്വ എ എന്‍ ഷംസീര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ പ്രധാന വികസനപദ്ധതികളുടെ ഫോട്ടോകളും കുറിപ്പും അടങ്ങിയതാണ് പ്രദര്‍ശനം. 370 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തലശ്ശേരി മാഹി ബൈപാസ്, തലായി ഹാര്‍ബര്‍ എന്നിവയുടെ ആകാശ ദൃശ്യം, മലബാറിന്റെ മികവായ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വികസന ചിത്രങ്ങള്‍, തലശ്ശേരി കോസ്റ്റല്‍ പോലീസ് സ്റ്റേഷന്, ചൊക്ലി ബണ്ട് റോഡ് ഉദ്ഘാടനം കൂടാതെ ജില്ലയിലെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തി. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ പ്രത്യേക പ്രദര്‍ശന ഹാളിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്.
ഷെരീഫ് ഈസ സംവിധാനം നിര്‍വഹിച്ച ‘ഒരു സ്വപ്നം പോലെ’, സരിന് രാമകൃഷ്ണന് സംവിധാനം ചെയ്ത ‘ആയിരം ഇതളുള്ള പുഞ്ചിരി’, എന്നീ ഹ്രസ്വ സിനിമകളും അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ‘കാഴ്ചകളുടെ കണ്ണൂര്‍’, ‘കൊറോണ തോല്‍ക്കും, നമ്മള് ജയിക്കും’ എന്നീ ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുക. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, തലശ്ശേരി പ്രസ്സ് ഫോറം പ്രതിനിധി എന്‍ പ്രശാന്ത് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക