കോഴിക്കോട് : മൂന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ കോഴിക്കോട് റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടിറങ്ങിയ പ്രവത്കുമാര് പ്രധാനെയാണ് റയിൽവേ പൊലീസ് പിടികൂടിയത്.
തിരുവനന്തപുരത്തെ പതിവ് ഇടപാടുകാരന് ഇയാള്‍ പതിവായി കഞ്ചാവെത്തിച്ചിരുന്നുവെന്നാണ് വിവരം.
നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബാഗും കൈയ്യില്‍ കരുതി ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് യുവാവ്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിന് പിന്നാലെ റയില്‍വേ പൊലീസ് കാര്യം തിരക്കി.
അവ്യക്തമായ മറുപടിക്കിടെ ഉദ്യോഗസ്ഥര്‍ കൈയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. രണ്ട് പൊതികളിലായി മൂന്ന് കിലോയോളം തൂക്കമുള്ള കഞ്ചാവ്.
ഒഡിഷയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിന്‍ മാറിക്കയറി കോഴിക്കോെടത്തിയെന്നായിരുന്നു മറുപടി. കൈയ്യില്‍ കരുതിയിരുന്ന കഞ്ചാവ് തിരുവനന്തപുരത്ത് സുഹൃത്തിന് കൈമാറുകയായിരുന്നു ലക്ഷ്യം.
കൂടിയ അളവില്‍ പ്രതിഫലം മോഹിച്ചാണ് പതിവായി കഞ്ചാവെത്തിച്ചിരുന്നത്. പ്രവത്കുമാര് കഞ്ചാവ് കൈമാറാന്‍ ഉദ്ദേശിച്ചിരുന്ന ആളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിയിരുന്ന സംഘത്തിലെ കണ്ണിയെന്നാണ് വിവരം. പ്രവത്കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനാണ് റയില്‍വേ പൊലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക