പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ ലോറി പൂര്‍ണമായി കത്തി നശിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്.
പുലര്‍ച്ചെ 5 മണിക്കായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഗ്യാസ് ടാങ്കറുമാണ് കൂട്ടിയിടിച്ചത്.
ടാങ്കര്‍ ലോറി സുരക്ഷിതമാണ്. അപകടത്തില്‍ ടാങ്കര്‍ ലോറിയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു. ഗ്യാസ് ചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി.
ദേശീയ പാതയില്‍ തച്ചമ്പാറക്കു സമീപത്ത് നിന്നും കോങ്ങാട് വഴി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നുണ്ട്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക