തൃശ്ശൂര്‍ :ലൗ ജിഹാദ്’ വിദ്വേഷപ്രചാരണം നേരിട്ട നവീനിന്റെയും ജാനകിയുടെയും ഡാന്‍സ് വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന.’ നമ്മുടെ ഡോക്ടര്‍മാര്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ദിവസങ്ങള്‍ക്കുമുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡീയോയ്ക്കെതിരെ ഇരുവരുടെയും മതത്തെ പരാമര്‍ശിച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വിദ്വേഷ പ്രചാരണം നടക്കുന്നത്.
വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു ഡാന്‍സ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് പത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും റാസ്പുട്ടിന് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. കോളേജ് യൂണിയന്റെ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനമെന്നും നൃത്തം ചെയ്യുന്നവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാനെന്നും വീഡിയോയ്ക്കൊപ്പം വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
അതേസമയം, മുന്‍പ് ഇരുവര്‍ക്കുമെതിരെ വിദ്വേഷപ്രതികരണം നടത്തിയ അഭിഭാഷകന് കൃഷ്ണരാജ് വിഷയം വിവാദമായതിനുശേഷവും പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക