കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലുള്ള കുടുംബാംഗങ്ങൾക്ക് വെന്റിലേറ്ററിന് വേണ്ടി ട്വിറ്ററിലാണ് ഫോൺ നമ്പർ സഹിതം മുംബൈ സ്വദേശിനി അഭ്യർത്ഥന ഇട്ടത്. കഴിഞ്ഞ ആഴ്ചയാണ് ശിവ പോസ്റ്റിട്ടത്.
കോവിഡ് സ്വന്തം കുടുംബത്തിൽ വരുമ്പോൾ മാത്രമേ അതിന്റെ കാഠിന്യം മനസ്സിലാകൂവെന്ന് ശിവ പറയുന്നു. രോഗം പിടിപെട്ട കുടുംബാംഗങ്ങൾക്ക് വെന്റിലേറ്ററിന്റെ ആവശ്യം വന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്.
പോസ്റ്റിന് ഫലമുണ്ടായി. 6 മണിക്കൂർ കൊണ്ട് വെന്റിലേറ്റർ സംഘടിപ്പിക്കാൻ ആയി. പിന്നാലെ കുടുംബത്തിലെ ചിലർക്ക് പ്ലാസ്മയുടെ ആവശ്യവും വന്നു. ഇത്തവണയും ട്വിറ്ററിൽ പോസ്റ്റ് ഇട്ടു. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ചില വ്യക്തികൾ ആ പോസ്റ്റ് ഷെയർ ചെയ്യുകയും ഉണ്ടായി.
പിന്നീടങ്ങോട്ട് ശിവയുടെ നമ്പറിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. ചിലർ സഹായം വാഗ്ദാനം ചെയ്താണ് വിളിച്ചതെങ്കിൽ മറ്റുചിലരുടെ ആവശ്യം വേറെ ചിലതായിരുന്നു.
ചിലർക്ക് അറിയേണ്ടത് വിവാഹിതയാണോ എന്നതായിരുന്നു. ചിലർ പ്രൊഫൈൽ ചിത്രത്തെ അഭിനന്ദിച്ചു. ചിലരാകട്ടെ സ്വന്തം ലൈംഗികാവയവങ്ങളുടെ ചിത്രങ്ങൾ അയച്ചു. പിന്നീടങ്ങോട്ട് വീഡിയോ കോളുകളുടെയും വാട്സാപ്പ് മെസ്സേജുകളുടെയും പ്രളയമായിരുന്നു എന്ന് ശിവ പറയുന്നു. ഒരിക്കലും നിങ്ങളുടെ ഫോൺ നമ്പർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യരുത്, ശിവ മുന്നറിയിപ്പു നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക