കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് നടൻ പറഞ്ഞു. സ്റ്റാർ നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിലാണ് നടന്റെ പുതിയ സന്ദേശം.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളിൽ ഇടപെഴുകുമ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുക.
കൂടെകൂടെ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാൻ ശ്രമിച്ച് വീടുകളിൽ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.
കൊവിഡ് ഒന്നാം തരംഗ സമയത്ത് മോഹൻലാൽ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് ഇടംവെച്ചുകൊടുത്തിരുന്നു. രോഗഭീഷണി വകവെയ്ക്കാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി എല്ലാവരും പാത്രം കൊട്ടുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ട്രോളിന് ഇരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക