ബന്ധുക്കള്‍ പോലും തിരിച്ചറിയാതെ ഒരു മാസത്തോളം ദുബായിലെ മോര്‍ച്ചറിയില്‍ അജ്ഞാതനായി കിടന്ന വ്യക്തിയെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്.
മരണപ്പെട്ട വ്യക്തിയുടെ മേല്‍വിലാസം ദുബായ് പൊലീസില്‍ നിന്ന് ലഭിച്ചിരുന്നെങ്കിലും ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞിട്ടും മരണവിവരം പോലും ബന്ധപ്പെട്ടവരുടെ അടുക്കല്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഒറ്റരാത്രി കൊണ്ട് ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
കൊല്ലം നിലമേല്‍ സ്വദേശി സൈഫുദ്ധീന്‍ ആണ് മരണപ്പെട്ടത്. ഏറെ കാലം സൗദിയിലായിരുന്ന സൈഫുദ്ധീന്‍ ഏതാനും വര്‍ഷം മുന്‍പാണ് യു എ ഇ യില്‍ എത്തിയത്.
അടുത്തിടെ സഹോദരി മരണപ്പെട്ടത് അറിയിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ലെന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണം ഫലം കണ്ടതിലെ സന്തോഷം ഫെയ്സ്ബുക്കിലൂടെയാണ് അഷ്റഫ് പങ്കുവച്ചത്.
മരണപ്പെട്ട കൊല്ലം സ്വദേശിയുടെ വിവരങ്ങള്‍ ശേഖരിച്ചു നല്കാന് പ്രയത്നിച്ച കേരള പൊലീസ് അടക്കമുള്ളവര്‍ക്ക് നന്ദിയും അഷ്റഫ് പങ്കുവയ്ക്കുന്നുണ്ട്.
അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സൈഫുദ്ദീന്റെ സൗദിയിലുള്ള സഹോദരനും അബൂദാബിയിലുള്ള അളിയനും അഷ്റഫ് താമരശ്ശേരിയെ ബന്ധപ്പെടുകയും ചെയ്തു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
25/05/2021
നന്ദി ……..സഹോദരങ്ങളെ,
ഒറ്റ രാത്രികൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞു….
ദുബൈയിൽ മരണപ്പെട്ട് ആഴ്ച്ചകളായി മൃതദേഹം പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വ്യക്തിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഈ വിവരം വ്യക്തമാക്കി ഞാൻ ഇന്നലെ രാത്രി ഇട്ട പോസ്റ്റ് അടിസ്ഥാനമാക്കി ഊണും ഉറക്കവുമൊഴിച്ച് പ്രവർത്തിച്ച സഹോദരങ്ങൾക്ക് നന്ദി.
നേരം വെളുക്കുന്നതിന് മൂന്നേ ആളിനെ തിരിച്ചറിഞ്ഞു കൊല്ലം നിലമേൽ സ്വദേശി സൈഫുദ്ധീൻ ആണ് ഇദ്ദേഹം. ഏറെ കാലം സൗദിയിലായിരുന്ന സൈഫുദ്ധീൻ ഏതാനും വർഷം മുൻപാണ് യു എ ഇ യിൽ എത്തിയത്. അടുത്തിടെ സഹോദരി മരണപ്പെട്ടത് അറിയിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ല.
ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. പോസ്റ്റ് കണ്ട സൗദിയിലുള്ള സഹോദരൻ പറഞ്ഞ് അബൂദാബിയിലുള്ള ഇദ്ദേഹത്തിന്റെ അളിയൻ ബന്ധപ്പെട്ടിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് വ്യകിതിയെ തിരിച്ചറിയുന്നതിന് വേണ്ടി സഹായിച്ച കേരള പൊലീസിനും പോസ്റ്റ് ആളുകളിലേക്ക് എത്തിക്കുന്നതിന് സഹകരിച്ച എന്റെ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.
മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഇന്ന് രാവിലെതന്നെ ആരംഭിച്ചു കഴിഞ്ഞു.
അഷ്റഫ് താമരശ്ശേരി
അഷ്റഫ് താമരശ്ശേരി ആദ്യം പങ്കുവച്ച കുറിപ്പ്:
24/05/2021
പ്രിയ സഹോദരങ്ങളെ,
ഈ ഫോട്ടോയിൽ കാണുന്ന സഹോദരൻ ദുബയിൽ മരണപ്പെട്ടിട്ട് ഒരുമാസത്തോളമായി. മൃതദേഹം പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോഴും. ലഭ്യാമായത് ഇതോടൊപ്പമുള്ള വിലാസമാണ്. എന്നാൽ ഈ വിലാസത്തിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഉറ്റവരോ ഉടയവരോ ഇനിയും ബന്ധപ്പെടാത്ത പക്ഷം മൃതദേഹം ഇവിടെത്തന്നെ മറവ് ചെയ്തേക്കാം. അതിലുപരി ഈ വ്യക്തി മരണപ്പെട്ട വിവരം ബന്ധുക്കളും സുഹൃത്തുക്കളടക്കമുള്ളവർ അറിയേണ്ടതുണ്ട്. ഇദ്ദേഹത്തെ കുറിച്ച് കൃത്യമായി എന്തെങ്കിലും വിവരം അറിയുന്നവർ എന്നെ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ഷെയർ ചെയ്ത് അറിയുന്നവരിലേക്ക് വിവരം എത്തുന്നതിനായി സഹകരിക്കുക
അഷ്റഫ് താമരശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക