തിരുവനന്തപുരം : പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്.ഇന്നലെയാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
അകത്ത് കടന്നു നോക്കുമ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ ഭര്‍ത്താവിനെയും തൂങ്ങിയ നിലയില്‍ കണ്ടെത്തി. റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു.
ഇവര്‍ ഭാര്യാഭര്ത്താക്കന്മാരാണോയെന്നു പോലീസ് അന്വേഷിക്കുകയാണ്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വീട് വാടകക്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക