സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് എൽ ജി പിന്മാറിയിട്ട് മാസം ഒന്ന് കഴിഞ്ഞു. പലരുടേയും കയ്യിൽ ഇപ്പോഴും എൽ ജി ഫോണുകളുണ്ട്. പഴയ എൽജി ഫോണുകൾക്ക് പകരമായി തങ്ങളുടെ ഫോണുകൾ നൽകാനുള്ള മത്സരത്തിലാണ് ഇപ്പോൾ ആപ്പിളും സാംസങ്ങും. സംഗതി കിടുവായിരിക്കും അല്ലേ?
പക്ഷേ ഇന്ത്യക്കാർക്ക് ഈ സേവനം ഉണ്ടായിരിക്കില്ല. ദക്ഷിണ കൊറിയയിലെ എൽജി ഉപയോക്താക്കൾക്കായി മാത്രമായാണ് ആപ്പിളും സാംസങ്ങും ഒരു ട്രേഡ്-ഇൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
എൽജി കച്ചവടം നിർത്തിയപ്പോൾ അങ്ങോട്ട് വില്പന വിപുലീകരിക്കാനാണ് ആപ്പിൾ ഈ മാർക്കറ്റിംഗ് തന്ത്രവുമായി മുന്നോട്ട് വന്നത്. എന്നാൽ സാംസങ് വിട്ടുകൊടുക്കുവോ ആപ്പിളിന്റെ ചുവട്പിടിച്ച് സാംസങ്ങും പുതിയ അടവുകൾ ഇറക്കി.
പ്രാദേശിക മൊബൈൽ കാരിയറുകളുമായി കൈകോർത്ത് ഒരു പ്രത്യേക പ്രോഗ്രാം ആപ്പിൾ ആരംഭിച്ചിട്ടുണ്ടെന്നാണ് യോൺഹാപ്പ് വാർത്താ ഏജൻസിപറയുന്നത്.
ഇത് എൽജി ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിന്റെ ട്രേഡ്-ഇൻ മൂല്യത്തിന് മുകളിൽ 150,000 WON (134 ഡോളർ ) അധികമായി നേടാൻ അവസരമൊരുക്കുന്നു. ദക്ഷിണ കൊറിയയിലെ എൽജി ഉപയോക്താക്കൾക്ക് ഇതുപോലെ മറ്റൊരു ഡീൽ കിട്ടാനില്ല.
ആപ്പിൾ എക്സ്ചേഞ്ച് പ്രോഗ്രാം സെപ്റ്റംബർ 25 വരെ വാലിഡ് ആയിരിക്കുക. എൽജി ഫോൺ ഉപയോക്താക്കൾക്ക് എക്സ്ചേഞ്ചിലൂടെ ഒരു ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ വങ്ങാൻ കഴിയും.
രാജ്യത്തെ ടെൽകോസ് നടത്തുന്ന സ്റ്റോറുകളിൽ മാത്രമേ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകൂ. ആപ്പിൾ ഔദ്യോഗിക സ്റ്റോറിൽ ഇപ്പോൾ അത്തരം പദ്ധതികളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.
വിപണിയിൽ തങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിന് സമാനമായ ഓഫറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി പ്രാഥമികമായി എൽജി ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കും. ഗാലക്സി എസ് 21, ഗാലക്സി ഇസഡ് ഫോൾഡ് 2, ഗാലക്സി ഫ്ലിപ്പ് 5 ജി, ഗാലക്സി നോട്ട് 20 എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പഴയ എൽജി ഫോണുകൾ എക്സ്ചേഞ്ച് ചെയ്യാൻ കഴിയും.
കണക്ക് പറയുന്ന ആപ്പിളും സാംസങും
കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച്, 65 ശതമാനം വിപണി വിഹിതമുള്ള ദക്ഷിണ കൊറിയയിൽ സാംസങാണ് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇപ്പോൾ എൽജി ഇല്ലാതായതോടെ ആ 13 ശതമാനം ഓഹരി പിടിച്ചെടുക്കാനാണ് ആപ്പിൾ ശ്രദ്ധിക്കുന്നത്. തങ്ങളുടെ എക്സ്ചേഞ്ച് പ്രോഗ്രാം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ എന്ന് ആപ്പിളും സാംസങ്ങും പ്രഖ്യാപിച്ചിട്ടില്ല.
സ്മാർട്ട് ഫോണിൽ കാലിടറിയ എൽ ജി
സ്മാർട്ട്ഫോൺ ബിസിനസ്സിൽ നിന്നും പിന്മാറുന്നതായി ഏപ്രിൽ മാസത്തിലാണ് എൽ ജി പ്രഖ്യാപിച്ചത്. വളർച്ചയുള്ള മേഖലകൾ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി നഷ്ടം ഉണ്ടാക്കുന്ന മൊബൈൽ ഡിവിഷൻ നിർത്തലാക്കാനുള്ള തീരുമാനം പ്രസ്താവനയിലൂടെയാണ് ദക്ഷിണ കൊറിയൻ കമ്പനി അറിയിച്ചത്. സിഇഎസ് 2021 ൽ എൽജി അതിന്റെ റോളബിൾ ഫോൺ പ്രദർശിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.
നിലവിലുള്ള എൽജി ഫോണുകളായ വിംഗ്, വെൽവെറ്റ്, ക്യു-സീരീസ്, ഡബ്ല്യു-സീരീസ്, കെ-സീരീസ് എന്നിവയുടെ വിൽപ്പന തുടരും. അതേസമയം സ്റ്റോക്ക് തീരുന്നത് വരെ മാത്രമെ വിൽപ്പന ഉണ്ടാകുകയുള്ളു.
ഇലക്ട്രിക് വാഹന ഘടകങ്ങൾ, കണക്റ്റഡ് ഡിവൈസസ്, സ്മാർട്ട് ഹോം ഉൽപ്പന്നങ്ങൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്സ്-ടു-ബിസിനസ് സോലുഷൻസ് എന്നീ നിർമ്മാണ മേഖലകളിലാണ് എൽ ജി നേട്ടം ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക