കൊല്ലം : വിസ്മയയുമായി വിവാഹബന്ധത്തിനു കിരൺകുമാറെത്തിയതു സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണെന്നു റിപ്പോർട്ട്. സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്.
വിവാഹം കഴിഞ്ഞതോടെ കിരണിന്റെ യഥാർഥ മുഖം പുറത്തുവന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണു വിസ്മയയ്ക്കെതിരെ പീഡനം തുടങ്ങിയത്. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചു വായ്പയെടുത്തു കാർ വാങ്ങി നൽകിയെങ്കിലും 10 ലക്ഷം രൂപ മൂല്യമില്ലെന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്.
ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ മദ്യപിച്ചു പാതിരാത്രിയെത്തിയ കിരൺ ഇക്കാര്യം പറഞ്ഞു വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തെന്നും ബന്ധുക്കൾ വെളിപ്പടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക