മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
ഒന്ന്..
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
രണ്ട്..
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവർ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റിൽ സൂക്ഷിക്കാനാവും.
മൂന്ന്..
നനഞ്ഞ പ്രതലത്തിൽ ടൂവീലർ സഡൻ ബ്രേക്ക് ചെയ്താൽ ടയർ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാൻ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളിൽ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകൾ തിരിയുമ്പോൾ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.
നാല്..
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാൻഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാർക്കിങ്ങുകൾ , മാൻഹോൾ മൂടി, റെയിൽ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ച്..
മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാൽ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാൻ സാധ്യതയേറെയാണ്. അതിനാൽ റോഡിന്റെ ഇരുവശവും കൂടുതൽ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക