ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. സത്യനും പ്രേംനസീറും നായകന്മാരായ ചിത്രം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഒരു ഫോട്ടോയാണ് മമ്മൂട്ടി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കളറാക്കി തന്നതിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ”ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സെല്ലുലോയിഡില്‍ ഞാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ഒരു സ്ക്രീന്‍ ഗ്രാബ് ആണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കളറാക്കി. മറ്റൊരു കാലഘട്ടത്തില്‍ നിന്ന് അത്തരം ഉജ്ജ്വലമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു.”
”സത്യന് മാസ്റ്ററുടെ സിനിമയില്‍ അഭിനയിക്കാനുള്ള അപൂര്‍വ പദവി എനിക്ക് ലഭിച്ചു. അദ്ദേഹം ഉറങ്ങി കിടക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ കാലില്‍ സ്പര്‍ശിച്ചതും ഞാന്‍ ഓര്‍ക്കുന്നു” എന്നാണ് ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിധി എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
1971ല്‍ റിലീസ് ചെയ്ത ചിത്രം കെ.എസ് സേതുമാധവന് ആണ് സംവിധാനം ചെയ്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. തകഴി ശിവശങ്കരന് പിള്ളയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക