കണ്ണൂര്‍ :ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമാക്കുന്നതിനായി ജില്ലയിലെ അധ്യാപകര്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. കൈറ്റ്് വിക്ടേഴ്സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫസ്റ്റ് ബെല്‍ പഠന പരിപാടിയുടെ തുടര്‍ ക്ലാസുകള്‍ നടത്തുന്നതിന് ജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും മൂന്നു ദിവസത്തെ ഐസിടി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ടൂളുകളും പരിചയപ്പെടുത്തുന്നതിനായാണ് സ്മാര്‍ട്ട് ടീച്ചര്‍ 2.0 എന്ന പേരില്‍ കണ്ണൂര്‍ ഡയറ്റിന്റെ എഡുക്കേഷന്‍ ടെക്നോളജി വിഭാഗം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്.
വിദ്യാഭ്യാസരംഗത്ത് കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കുന്നതിനായി കഴിഞ്ഞ അക്കാദമിക വര്‍ഷവും കണ്ണൂര്‍ ഡയറ്റ് വിവര വിനിമയ സാങ്കേതിക വിദ്യയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി ഓണ്‍ലൈന്‍ പഠനം കൂടുതല്‍ ഫലപ്രദമാക്കുകയാണ് പുതിയ പരിശീലന പദ്ധതി ലക്ഷ്യമിട്ടത്.
പദ്ധതിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഓഫ് ജനറല്‍ എഡുക്കേഷന്‍ ജീവന് ബാബു നിര്‍വ്വഹിച്ചു. കണ്ണൂര്‍ ഡിഡിഇ മനോജ് മണിയൂര്‍ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ വിനോദ് കുമാര്‍, ആര്‍ഡിഡി പി എന്‍ ശിവന്, വിഎച്ച്എസ്ഇ എഡി ശെല്‍വമണി, എസ്എസ്കെ കണ്ണൂര്‍ പ്രതിനിധി ടി പി അശോകന്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ കെ പ്രദീപന്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ പി രാജേഷ്, ഡയറ്റ് ഫാക്കല്‍റ്റി അംഗം ഇ വി സന്തോഷ് കുമാര്‍, കെ ബീന, ആര് അനുപമ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക